പെട്രോൾ പമ്പിനു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനു തീ പിടിച്ച്, ബസിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ക്ലീനർ വെന്തുമരിച്ചു. ഏലപ്പാറ ഉപ്പുകുളം എസ്റ്റേറ്റിൽ പാൽരാജിന്റെയും സുശീലയുടെയും മകൻ രാജൻ (23) ആണു മരിച്ചത്. കുമളി–പശുപ്പാറ റൂട്ടിൽ ഓടുന്ന കൊണ്ടോടി ബസാണു കത്തിനശിച്ചത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം. പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബസിന്റെ ഡീസൽ ടാങ്കിലേക്കു തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തത്തിൽ സമീപത്തെ കെട്ടിടത്തിനു ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. പൊലീസും നാട്ടുകാരും ചേർന്നു തീ നിയന്ത്രിച്ചതിനാൽ കൂടുതൽ വ്യാപിച്ചില്ല.പീരുമേട്ടിൽ നിന്നും കട്ടപ്പനയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണു തീ പൂർണമായി അണച്ചത്.
വലിച്ച ശേഷം ഉപേക്ഷിച്ച സിഗരറ്റ് കുറ്റിയിൽ നിന്നോ ബസിന്റെ താഴേക്കു കിടന്നിരുന്ന ഇലക്ട്രിക് വയറുകളിൽ നിന്നോ തീ പടർന്നിരിക്കാം എന്നാണു പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. രാവിലെ കുമളിയിൽ നിന്നു സർവീസ് ആരംഭിക്കാറുള്ള ബസ് ചെളിമട പെട്രോൾ പമ്പിനു സമീപമാണു പാർക്ക് ചെയ്യാറുള്ളത്. പമ്പിനോടു ചേർന്നുള്ള കെട്ടിടത്തിൽ ജീവനക്കാർക്കു താമസിക്കാൻ മുറിയുണ്ട്.ബസിലെ ക്ലീനർ രാജൻ മിക്ക ദിവസങ്ങളിലും ബസിനുള്ളിലാണു കിടക്കുന്നത്.
പുലർച്ചെ രണ്ടോടെ ബഹളം കേട്ടു മുറിയിൽ നിന്നു പുറത്തിറങ്ങിയ ബസിലെ ജീവനക്കാർ ബസ് കത്തിയെരിയുന്നതാണു കണ്ടത്. ഇവർ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നു തീ നിയന്ത്രിച്ചെങ്കിലും പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. പിന്നീടു തീ പൂർണമായി അണച്ച ശേഷം നടത്തിയ പരിശോധനയിലാണു രാജന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. രാജൻ അവിവാഹിതനാണ്.
കുമളി സിഐ വി.കെ.ജയപ്രകാശ്, എസ്ഐമാരായ പ്രശാന്ത് പി.നായർ, വി.സന്തോഷ്കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. കോട്ടയത്തു നിന്നെത്തിയ ഫൊറൻസിക് സംഘം പരിശോധന നടത്തി. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ.മധു സ്ഥലം സന്ദർശിച്ചു. ക്ലീനറെ അപായപ്പെടുത്താൻ ആരെങ്കിലും ബസിന് തീയിട്ടതാണോ എന്ന സംശയത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനർ രാജന്റെ തലയോട്ടിയിൽ പൊട്ടലുണ്ടെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സൂചന.
Leave a Reply