ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പുതിയ എണ്ണ, വാതക ഖനനത്തിനുള്ള അനുമതി നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് യോർക്ക് ഷെയറിലുള്ള അദ്ദേഹത്തിന്റെ വീടിന്റെ മേൽക്കൂരയിൽ കയറി പ്രതിഷേധിച്ച നാല് ആക്ടിവിസ്റ്റുകൾ അറസ്റ്റിലായി. ഗ്രേഡ് II ലിസ്റ്റിൽപ്പെട്ട സുനകിന്റെ വീട്ടിൽ ഏകദേശം രാവിലെ ആറുമണിയോടെയാണ് ആക്ടിവിസ്റ്റുകൾ എത്തുകയും വീടിനെ മുഴുവൻ കറുത്ത തുണി കൊണ്ട് പുതപ്പിക്കുകയും ചെയ്തത്. ഇതോടൊപ്പം തന്നെ രണ്ടു പ്രതിഷേധക്കാർ പുറത്ത് ” റിഷി സുനക് – എണ്ണ ലാഭമോ നമ്മുടെ ഭാവിയോ?? ” എന്നെഴുതിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വടക്കൻ സമുദ്രത്തിൽ കൂടുതൽ എണ്ണ, വാതക ഖനനത്തിനുള്ള പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം ആയിട്ടാണ് ആക്ടിവിസ്റ്റുകൾ ഇത്തരത്തിൽ പ്രകടനം നടത്തിയത്. വരുന്ന ദിവസങ്ങളിൽ നൂറിലധികം ഡ്രില്ലിംഗ് ലൈസൻസുകളും അനുവദിക്കപ്പെടുമെന്ന സൂചനകൾ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഏറെ മണിക്കൂറുകൾക്കു ശേഷമാണ് ആക്ടിവിസ്റ്റുകൾ മേൽക്കൂരയിൽ നിന്നും താഴെ ഇറങ്ങിയത്. ഇതിനുശേഷം ഉടൻതന്നെ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയായിരുന്നു. സുനകും ഭാര്യ അക്ഷത മൂർത്തിയും പെൺമക്കളായ കൃഷ്ണയും അനൗഷ്കയും കാലിഫോർണിയയിൽ ഒരാഴ്ചത്തെ അവധി ആഘോഷത്തിലാണ്. പ്രതിഷേധ റിപ്പോർട്ടുകളോട് പോലീസ് ഉടനെ തന്നെ പ്രതികരിച്ചതായും സംഭവങ്ങൾ നിയന്ത്രണാധിതമാണെന്നും അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ഓഫ് പോലീസ് എലിയറ്റ് ഫോസ്‌കെറ്റ് അറിയിച്ചു.

എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നിരവധി ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ലോകമെമ്പാടും പ്രളയവും കാട്ടുതീയും മൂലം ജനങ്ങളുടെ ജീവിതം നശിപ്പിക്കപ്പെടുമ്പോൾ, ഇവിടെ കൂടുതൽ എണ്ണ ഖനനത്തിനുള്ള അനുമതി നൽകുന്ന നടപടി തികച്ചും തെറ്റാണെന്ന് ഗ്രീൻപീസ് യുകെയുടെ കാലാവസ്ഥാ പ്രചാരകൻ ഫിലിപ്പ് ഇവാൻസ് പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലുള്ള കടന്നുകയറ്റം തെറ്റാണെന്ന അഭിപ്രായവും വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഊർജ്ജക്ഷാമം പരിഹരിക്കാനാണ് പുതിയ ഖനനത്തിനുള്ള അനുമതി നൽകിയതെന്ന വാദമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.