ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അപകടരംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച അമ്പതോളം ഡ്രൈവർമാർക്കെതിരെ പോലീസ് കേസ്. ജൂലൈ എട്ടിന് ചെഷയറിലെ നട്ട്സ്ഫോർഡിന് സമീപം നടന്ന ലോറി അപകടത്തിൽ ഒരു ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. അപകടം ചിത്രീകരിച്ച 48 ഡ്രൈവർമാർക്ക് ഉടൻ അറിയിപ്പ് ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകി നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് പ്രോസിക്യൂഷൻ കത്തിന്റെ ഫോട്ടോയും പോസ്റ്റ്ബോക്സിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തു.

കുറിപ്പ് ഇങ്ങനെ: “ജൂലൈ 8 ന് നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് ഗ്രൂപ്പ് എം6 സൗത്ത്‌ബൗണ്ടിലെ മാരകമായ അപകടം കൈകാര്യം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നോർത്ത് ബൗണ്ട് കാരേജ്വേയിൽ നിന്ന് മൊബൈൽ ഫോണുകൾ കൈവശം വച്ച വീഡിയോ ചിത്രീകരിച്ച 48 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ പ്രോസിക്യൂഷൻ കത്തും അയച്ചിട്ടുണ്ട്.” വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ പിടിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. സംഭവത്തെക്കുറിച്ച് ബോധവാന്മാരാവാതെ ഇത്തരം വിനാശകരമായ സംഭവത്തിന്റെ വീഡിയോ കാണുന്നത് വിവേകശൂന്യമാണെന്നും പോലീസ് അറിയിച്ചു.