കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്വകാര്യ ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിലെ എസ്എംസി ക്ലിനിക്കിലെ ഡോ. പ്രശാന്ത് ജി നായ്ക്കിനെയാണ് ശ്രീകണ്ഠാപുരം എസ്ഐ ടിസുനിൽകുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ചെവിവേദനയുമായി ഭർത്താവിനും കുഞ്ഞിനുമൊപ്പം ശ്രീകണ്ഠാപുരത്തെ ക്ലിനിക്കിലെത്തിയ യുവതിയോടായിരുന്നു ഡോക്ടറുടെ ക്രൂരത. ചെവിയിൽ മരുന്നൊഴിച്ചതിനുശേഷം യുവതിയോട് ഡോക്ടർ പുറത്തിരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് മറ്റു രോഗികളെ പരിശോധിച്ച് വിട്ടശേഷം കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
13 വർഷം മുൻപ് ബെംഗളൂരുവിൽനിന്ന് കേരളത്തിലെത്തിയ പ്രശാന്ത് നായിക്ക് പയ്യാവൂർ, കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂർ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തിട്ടുണ്ട്.
അതേസമയം, മുമ്പ് ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരിലടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
Leave a Reply