സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ബ്രിട്ടൻ കഠിന ശ്രമം നടത്തുകയാണ്. അതിന്റെ ഫലമായി ഇപ്പോൾ വാക്സിൻ പരീക്ഷിക്കാനും രാജ്യം ഒരുങ്ങുന്നു. കൊറോണ വൈറസ് വാക്‌സിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഈ വാക്സിൻ വിജയിക്കാൻ 80% സാധ്യത ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെഡിക്കൽ ടീമുകൾക്ക് ആവശ്യമായതെല്ലാം നൽകുമെന്ന് ആരോഗ്യ സെക്രട്ടറി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും “ഈ പ്രക്രിയയെക്കുറിച്ച് ഒന്നും ഉറപ്പില്ല” എന്നും അദ്ദേഹം പറയുന്നു. ഓക്സ്ഫോർഡ് ട്രയലിനും ലണ്ടനിലെ ഇംപീരിയൽ കോളേജിലെ പരീക്ഷണത്തിനും കുറഞ്ഞത് 20 മില്യൺ പൗണ്ട് പൊതു പണം ലഭിക്കുമെന്ന് ഹാൻകോക്ക് സർക്കാരിന്റെ പ്രതിദിന മീറ്റിംഗിൽ പറഞ്ഞു. ട്രയൽ പൂർത്തിയാകുന്നതിന് മുമ്പ് ഓക്സ്ഫോർഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീം ഉത്പാദനം ആരംഭിക്കുകയാണ്. സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകൾ അയയ്ക്കാൻ അവർ തയ്യാറാണ്. വാക്സിൻ വികസിപ്പിക്കുന്നതിൽ ഇരു ടീമുകളും അതിവേഗം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുമെന്നും ഹാൻകോക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ ഒരു ഭാഗം വഹിക്കാൻ ജനിതകമായി രൂപകൽപ്പന ചെയ്ത നിരുപദ്രവകരമായ ചിമ്പാൻസി വൈറസിൽ നിന്നാണ് ChAdOx1 nCoV-19 എന്നറിയപ്പെടുന്ന വാക്സിൻ ഓക്സ്ഫോർഡ് നിർമ്മിച്ചിരിക്കുന്നത്. വാക്‌സിൻ ഉണ്ടാക്കുന്നതിനായി യുകെയിലെ നിർമ്മാതാക്കളുമായും വിദേശത്ത് നിരവധി പേരുമായും ഇതിനകം ഡീലുകൾ നടത്തിയിട്ടുണ്ട്. മെയ് പകുതിയോടെ 500 പേർ വരെ ട്രയലിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീമിലെ പ്രൊഫസർ സാറാ ഗിൽബർട്ട് പറഞ്ഞു. ഓക്സ്ഫോർഡ്, സതാംപ്ടൺ എന്നിവിടങ്ങളിൽ ആണ് ട്രയൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് മൂന്നിടങ്ങൾ കൂടി കൂട്ടിച്ചേർക്കും. അതേസമയം, ലണ്ടൻ ഇംപീരിയൽ കോളേജ് ടീം ഫെബ്രുവരി മുതൽ മൃഗങ്ങളിൽ വാക്സിൻ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂണിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 70 ലധികം വാക്സിനുകൾ ലോകമെമ്പാടും വികസിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ചൈനയ്ക്കും അമേരിക്കയ്ക്കും ഒപ്പം മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി യുകെയും മാറും. പിപിഇ എല്ലാവർക്കും ലഭ്യമാക്കാൻ സർക്കാർ പരിശ്രമിക്കുമെന്നും ഹാൻകോക്ക് ഇന്നലത്തെ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെ ആശുപത്രികളിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട് 828 മരണങ്ങൾ ഇന്നലെ ഉണ്ടായി. ആകെ രേഖപ്പെടുത്തിയ ആശുപത്രി മരണങ്ങൾ ഇപ്പോൾ 17,337 ആണ്. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ ഏറ്റവും പുതിയ കണക്കുകൾ ഇതിലും ഉയർന്ന മരണസംഖ്യയാണ് കാട്ടുന്നത്. 4301 ആളുകൾക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 129,044 ആയി ഉയർന്നു. ഏപ്രിൽ 10 വരെയുള്ള ആഴ്ചയിൽ, ഇംഗ്ലണ്ടിലെയും വെയിൽസിലെയും ആശുപത്രികൾക്ക് പുറത്ത് 1,662 പേർ മരിച്ചു. കെയർ ഹോമുകളിൽ 1,043 മരണങ്ങളും ഉണ്ടായി.
Leave a Reply