ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉക്രൈനിൽ നിന്നുള്ള പുതിയതായി വരുന്ന അഭയാർത്ഥികൾക്ക് ഇനി വിസ നൽകേണ്ടതില്ലെന്ന് യുകെ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. റഷ്യ ഉക്രൈൻ സംഘർഷത്തെ തുടർന്ന് അഭയാർത്ഥികളായി എത്തിയവർക്ക് യുകെയിലെ അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കാനുള്ള മൂന്നുവർഷത്തെ വിസയാണ് യുകെ നടപ്പിലാക്കിയിരുന്നത്. അടുത്ത ആഴ്ച റഷ്യയുടെ ഉക്രൈൻ അധിനിവേശം രണ്ടുവർഷം പൂർത്തിയാകാൻ പോകുന്ന സമയത്താണ് യുകെ തന്ത്രപരമായ തീരുമാനം എടുത്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുന്നറിയിപ്പില്ലാതെ പദ്ധതി അവസാനിപ്പിക്കുന്നത് കടുത്ത ക്രൂരതയാണെന്ന വിമർശനം ശക്തമാണ്. ഉക്രൈൻ അഭയാർത്ഥികളായി എത്തുന്നവർക്ക് ആതിഥേയത്വം വഹിക്കാൻ നേരത്തെയുള്ള വിസ നിയമങ്ങൾ യുകെകാരെ അനുവദിച്ചിരുന്നു. ഉക്രൈൻ അഭയാർത്ഥികൾക്ക് അഭയം നൽകുന്ന പദ്ധതിയുടെ കീഴിൽ ഏകദേശം 200,000 – ത്തിലധികം ആളുകൾ യുകെയിൽ എത്തിയതായാണ് ഏകദേശ കണക്കുകൾ. നേരത്തെ എത്തിയ ഉക്രൈൻ അഭയാർത്ഥികൾക്ക് 18 മാസം കൂടി കാലാവധി നീട്ടി നൽകാനുള്ള അപേക്ഷ നൽകാമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് യുകെ സർക്കാർ അറിയിച്ചത്.

ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച റഷ്യ ഉക്രൈൻ സംഘർഷം തുടങ്ങിയതിന്റെ രണ്ടാം വാർഷികമാണ്. ഇനി എത്രനാൾ സംഘർഷം നീണ്ടുനിൽക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. സംഘർഷം അനിശ്ചിതകാലം നീണ്ടു നിൽക്കുന്ന സാഹചര്യത്തിൽ യുകെയിൽ എത്തിയ ഉക്രൈൻ അഭയാർത്ഥികളുടെ ഭാവി എന്തായിത്തീരും എന്നതിനെക്കുറിച്ച് അവ്യക്തത തുടരുകയാണ് . കടുത്ത ദുരിതം അനുഭവിക്കുന്ന ഈ സമയത്ത് സർക്കാർ എടുത്ത തീരുമാനം ഉക്രൈൻ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ലേബർ ഷാഡോ ഇമിഗ്രേഷൻ മന്ത്രി സ്റ്റീഫൻ കിന്നോക് പറഞ്ഞു.