ലണ്ടൻ : സഞ്ജീവ് ഗുപ്തയുടെ സഹായ അഭ്യർത്ഥന സർക്കാർ നിരസിച്ചതിനു പിന്നാലെ ആയിരക്കണക്കിന് ജോലികൾ ഭീഷണിയിൽ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് വ്യവസായിയും ലിബർട്ടി ഹൗസ് ഗ്രൂപ്പ്സിന്റെ സ്ഥാപകനുമായ ഗുപ്ത, 35,000 ത്തിൽ അധികം ആളുകൾ ജോലി ചെയ്യുന്ന ജിഎഫ്‌ജി അലയൻസിന്റെ സിഇഒയും ചെയർമാനുമാണ്. അദ്ദേഹത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായിരുന്ന ഗ്രീൻസിൽ ക്യാപിറ്റൽ ഈ മാസം വൻ തകർച്ച നേരിട്ടിരുന്നു. ഇതിന്റെ അഘാതമാണ് ജി‌എഫ്‌ജി അലയൻസിനെയും ബാധിച്ചത്. ബ്രിട്ടനിൽ അയ്യായിരത്തോളം പേർ ജോലി ചെയ്യുന്ന ജി.എഫ്.ജി വ്യാഴാഴ്ച സർക്കാരിനോട് അടിയന്തര വായ്പ ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടു. 170 മില്യൺ പൗണ്ടായിരുന്നു അടിയന്തര വായ്പയായി ആവശ്യപ്പെട്ടത്. ഇങ്ങനൊരു ഭീഷണി ഉടലെടുത്തതോടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാൻ മന്ത്രിമാർ തയ്യാറെടുക്കുകയാണ്.

ഗ്രീൻ‌സിലിന്റെ പരാജയവും ജി‌എഫ്‌ജിയിലെ പ്രതിസന്ധിയും മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും വലച്ചിരുന്നു. 49 കാരനായ ഗുപ്തയുടെ വളർച്ച ലക്സ് ഗ്രീൻസിലിന്റെ ഗ്രീൻസിൽ ക്യാപിറ്റലിന്റെ പിന്തുണയോടെ ആയിരുന്നു. ഗ്രീൻസിലിന്റെ പ്രധാന ഉപദേശകരിൽ ഒരാളായിരുന്നു ഡേവിഡ് കാമറൂൺ. ലോകത്ത് പലയിടങ്ങളിലായി പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനിയാണ് ജി. എഫ്. ജി. ലിബർട്ടി സ്റ്റീലും ഉൾപ്പെടുന്നു.

യുകെയിൽ ലിബർട്ടി സ്റ്റീലിന് 12 പ്ലാൻറ്റുകളും അതിൽ 3000 ത്തോളം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റീൽ ഉത്പാദകരാണ് ഇവർ. വായ്പ നൽകിയാൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകുമെന്ന ഭീതിയാണ് അടിയന്തര വായ്പ നിരസിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ലിബർട്ടി സ്റ്റീലുമായി സർക്കാർ ചർച്ചകൾ നടത്തിവരിയാണെന്ന് ബിസിനസ് ഡിപ്പാർട്മെന്റ് വക്താവ് അറിയിച്ചു. കമ്പനിയുമായി അടുത്തിടപഴകാൻ സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റീൽ വ്യവസായത്തിന് സർക്കാർ എപ്പോഴും സഹായം നൽകുന്നുണ്ടെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 500 മില്യൺ പൗണ്ട് അനുവദിച്ചിട്ടുണ്ടെന്നും സർക്കാർ വക്താവ് അറിയിച്ചു.