ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്ഫോടനം. റോഡുകള്‍ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

ദെഹ്റാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകുന്നേരമാണ് മേഘവിസ്ഫോടനമുണ്ടായത്. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ആളുകള്‍ പൊതുനിരത്തില്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാന്‍ കാരണമായെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

വളരെ കുറച്ച് സമയംകൊണ്ട് ഒരുപ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നു