തിരക്കേറിയ മോട്ടോര്‍വേയില്‍ യുടേണ്‍ എടുത്ത് എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങള്‍ക്കു നേരെ കാറോടിച്ച യുവതി വരുത്തിയ അപകടത്തില്‍ പെട്ടത് നാല് വാഹനങ്ങള്‍. മഴയില്‍ വഴുക്കലുള്ള പാതയിലായിരുന്നു യുവതിയുടെ സാഹസം. ചൈനയില്‍ ജിങ്‌സോ സിറ്റിയില്‍ ഷാങ്ഹായി-ചോംഗ്ക്വിയാങ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. വന്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കു നേരെയായിരുന്നു യുവതി കാറോടിച്ചത്. പാസഞ്ചര്‍ സീറ്റില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവ് ഞെട്ടിയെഴുന്നേറ്റപ്പോള്‍ കാണുന്നത് കാര്‍ എതിര്‍ദിശയില്‍ നീങ്ങുന്നതാണ്.

എന്നെ കടത്തിവിടൂ എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ കാര്‍ മുന്നോട്ട് എടുക്കുന്നത്. പക്ഷേ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുടെ തിരക്കില്‍ അതിനു കഴിയുന്നില്ല. കാര്‍ ഇടതുവശത്തേക്ക് തിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം മണത്ത ചിലര്‍ വാഹനങ്ങള്‍ക്ക് വേഗത കുറയ്ക്കുന്നത് ഡാഷ്‌ക്യാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. പക്ഷേ പിന്നാലെ വന്ന ഒരു ലോറി ഡ്രൈവര്‍ക്ക് നനഞ്ഞുകുതിര്‍ന്ന റോഡില്‍ നിയന്ത്രണം കിട്ടിയില്ല. നിര്‍ത്തിയിട്ട കാറുകളിലേക്ക് ലോറി പാഞ്ഞു കയറി അപകടമുണ്ടാകുകയായിരുന്നു. യുവതിയുടെ കാറിനും അപകടത്തില്‍ കേടുപാടുകള്‍ സംഭവിച്ചെന്നാണ് റിപ്പോര്‍ട്ട്.

റോഡിന്റെ മറുവശത്തേക്ക് പോകാനായിരുന്നു സ്ത്രീയുടെ ശ്രമം. ഇതിനായി എതിര്‍ദിശയില്‍ ഇവര്‍ 50 മീറ്ററോളം കാര്‍ ഓടിച്ചുവത്രേ. നാല് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എക്‌സ്പ്രസ് വേയില്‍ എതിര്‍ദിശയില്‍ അപകടകരമായി വാഹനമോടിച്ചതിന് ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും 22 പൗണ്ടിന് തുല്യമായ പിഴയീടാക്കുകയും ചെയ്തു.

[ot-video][/ot-video]