തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം കേരളത്തില്‍ നടപ്പാന്‍ പ്രയാസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിക്കും. മറ്റ് നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വന്ന ശേഷം മാത്രമേ ഉണ്ടാകൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മന്ത്രിമാരും പ്രതിപക്ഷവുമടക്കം വലിയ രീതിയിലുള്ള പ്രതിഷേധം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തീരുമാനത്തില്‍ എതിര്‍പ്പുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ആശ്ചര്യകരമാണെന്നും ഇത് ജനാധിപത്യ വ്യവസ്ഥക്ക് ചേര്‍ന്ന നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തങ്ങളുടെ ഇഷ്ടങ്ങളും അജണ്ടകളും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഒരു സര്‍ക്കാരിനും ഇല്ലെന്നും ഇത് മൂലം ആയിരക്കണക്കിന് ആളുകളുടെ തൊഴിലാണ് നഷ്ടമാകാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ഇന്നലെ മന്ത്രിമാരായ കെ.ടി ജലീലും കെ രാജുവും വി.എസ് സുനില്‍കുമാറും ജി. സുധാകരനും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ അജണ്ട നടപ്പാക്കാനും രാജ്യത്തെ രണ്ട് ധ്രുവങ്ങളാക്കി മാറ്റാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം എന്നതടക്കം രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇത് സംബന്ധിച്ച് കേരള മന്ത്രിമാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.