തിരുവനന്തപുരം: 13 ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പിലേക്ക് തിരിച്ചു. മെയ് 13ന് ജനീവയിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ലോക പുനർനിർമ്മാണ സമ്മേളനമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടി. സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും.
ഒമ്പതാം തീയതി നെതർലൻഡ്സിലാണ് അദ്ദേഹത്തിന്റെ ആദ്യ പരിപാടി. ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒവിന്‍റെ പ്രതിനിധികളുമായും വ്യവസായ കോണ്‍ഫെഡറേഷന്‍റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രകൃതി ക്ഷോഭത്തെ നേരിടുന്നതിന് നെതർലൻഡ്സ് സർക്കാർ നടപ്പിലാക്കിയ ‘റൂം ഫോർ റിവർ’ പദ്ധതി പ്രദേശവും മറ്റ് പദ്ധതികളും അദ്ദേഹം സന്ദർശിക്കും. നെതര്‍ലൻഡ്സിലെ മലയാളി കൂട്ടായ്മയുമായി അദ്ദേഹം സംവദിക്കും.
പിന്നീട് ഇംഗ്ലണ്ട്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. മെയ് 14ന് സ്വിറ്റ്‌സര്‍ലൻഡിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്ന ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മീലിനുമായി മുഖ്യമന്ത്രി സംസാരിക്കും. സ്വിസ് പാര്‍ലമെന്‍റിലെ ഇന്ത്യന്‍ അംഗങ്ങളുമായും പിണറായികൂടിക്കാഴ്ച നടത്തുന്നുണ്ട്. യു.എന്‍.ഡി.പി. ക്രൈസിസ് ബ്യൂറോ ഡയറക്ടര്‍ അസാകോ ഒകായുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നുണ്ട്.
മെയ് 16ന് പാരിസ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി, ലൂക്കാസ് ചാന്‍സല്‍ എന്നിവരുമായി ചര്‍ച്ച നടത്തും.
ഇംഗ്ലണ്ടിലെത്തുന്ന മുഖ്യമന്ത്രി മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പിണറായി പങ്കെടുക്കും. ധനകാര്യമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം.എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. വി. വേണു, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് എന്നിവരും അനുഗമിക്കും. മെയ് 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുക. ഇതുവരെയുള്ള മുഖ്യന്ത്രിയുടെ വിദേശപര്യടനങ്ങളിൽ ചുമതല മറ്റ് മന്ത്രിമാർക്ക് നൽകിയിരുന്നില്ല. ഇക്കുറിയും അത് ഉണ്ടാകില്ല എന്നാണ് കരുതുന്നത്.
Leave a Reply