പെരിയ ഇരട്ടക്കൊല നടത്തിയത് ക്വട്ടേഷൻ സംഘമല്ലെന്നും പ്രദേശത്തുതന്നെയുള്ളവരെന്നും നിഗമനം. ലക്ഷ്യമിട്ടത് ഗുരുതരപരുക്കേല്‍പ്പിക്കാനായിരുന്നു. കൊല്ലാന്‍ തീരുമാനിച്ചത് അവസാനനിമിഷം. തീരുമാനത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ ബന്ധുവിന് നിര്‍ണായകപങ്കെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.

ഇരട്ടക്കൊല പൂര്‍ണമായും തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയാവുന്ന ആരും ഇത്തരം ചെയ്തികള്‍ക്ക് മുതിരില്ല.

പാര്‍ട്ടിക്ക് പങ്കില്ല, അക്രമത്തിന്റെ ഫലം നന്നായി അറിയാവുന്ന പാര്‍ട്ടിയാണ് സിപിഎം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കുറ്റവാളികള്‍ക്കെതിരെ നിയമനടപടി മാത്രമല്ല, ശക്തമായ പാര്‍ട്ടി നടപടിയും വരും. കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും പിണറായി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു

ഇരട്ടക്കൊലയില്‍ ആദ്യ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനടക്കം ഏഴുപേരാണ്. മുഖ്യആസൂത്രകന്‍ പീതാംബരനെന്നാണ് സൂചന. ജില്ലാപൊലീസ് ആസ്ഥാനത്ത് ഇവരെ ചോദ്യംചെയ്യുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത ചിലരും കസ്റ്റഡിയിലുണ്ട്. ചില മൊഴികളില്‍ വൈരുധ്യമുണ്ട്.

പെരിയ ഇരട്ടക്കൊലയിൽ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ പങ്ക് സമ്മതിച്ച് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്‍. പീതാംബരനും കൂട്ടരും നടപ്പാക്കിയ കൃത്യത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ല. എ.പീതാംബരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. സിപിഎം നേതാക്കള്‍ ഇന്ന് പെരിയ സന്ദര്‍ശിക്കും. എന്തിന് കൊലചെയ്തുവെന്ന് അവരോട് ചോദിക്കണമെന്നും കുഞ്ഞിരാമന്‍  പ്രതികരിച്ചു.

കസ്റ്റഡിയിലുള്ളവര്‍ക്ക് കൊല്ലപ്പെട്ടവരുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നു സിപിഎം ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. പാര്‍ട്ടി സമാന്തര അന്വേഷണം നടത്തുമെന്നും ബാലകൃഷ്ണന്‍   പറഞ്ഞു.

പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കൊലപാതകരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസര്‍കോട്ടുണ്ടായത്. അതുകൊണ്ടാണ് പാര്‍ട്ടി ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞതും നടപടി ഉറപ്പുനല്‍കിയതും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സിപിഎം പ്രവര്‍ത്തകര്‍ ഒരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുത്. പെരിയ ഇരട്ടക്കൊലയ്ക്കുശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങള്‍ക്കും നിര്‍ദേശം നൽകി. സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് സിപിഎം പൂര്‍ണപിന്തുണ നല്‍കും. ഹര്‍ത്താലിന്‍റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കൊല്ലത്തു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വൈകുന്നേരത്തോടെ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് കാസര്‍കോട് എസ്.പി. ഡോക്ടര്‍ എ.ശ്രീനിവാസ്  പറഞ്ഞു. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുന്നുവെന്നും എസ്പി പറഞ്ഞു.

കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ രജിസ്ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളിൽ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റൽ ഡിക്റ്റെക്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കൂടുതൽ പരിശോധന നടത്താനാണ്അന്വേഷണ സംഘത്തിന്റെ ആലോചന. ഇതോടൊപ്പം കൃത്യം നടക്കുന്ന സമയത്ത്പ്രദേശത്തെ വിവിധ ടവറുകളുടെ പരിധിയിൽ നിന്നുണ്ടായ ഫോൺ വിളികളും പൊലീസ് വിശദമായി പരിശോധിക്കും.

നിലവിൽ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.