തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ല. ധനമന്ത്രി ഇക്കാര്യത്തില്‍ കുറ്റക്കാരനല്ലെന്നും രാജി വെക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ട് സഭയില്‍ വെച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് സാധുവല്ലെന്ന വാദവും തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി അന്വേഷണം നടത്തിയത്.
ബജറ്റ് ദിനത്തില്‍ സംഭവിച്ചത് ഉദ്യോഗസ്ഥന്റെ ശ്രദ്ധക്കുറവ് മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബജറ്റ് രേഖകള്‍ പുറത്തു പോയിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതോസമയം ധനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ബഹളംവെച്ചതോടെ സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ വാദിയെ പ്രതിയാക്കുകയാണെന്നും ഉദ്യോഗസ്ഥന്റെ തോളില്‍ കുറ്റം ചാരി ധനമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ബജറ്റ് ചോര്‍ച്ച നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ധനമന്ത്രി മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതീവ ഗുരുതരമായ സംഭവമാണ് ബജറ്റ് അവതരണ ദിവസം ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നു. ചോദ്യോത്തര വേള നിര്‍ത്തിവെച്ച പ്രശ്നം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതേ വിഷയമാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് ആയി നല്‍കിയിട്ടുള്ളതെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.