പാര്‍ക്ക് ലാന്‍ഡ്, ഫ്ളോറിഡ: ഫ്‌ളോറിഡയിലെ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ബുധനാഴ്ച്ച നടന്ന വെടിവെപ്പിനിടെ നിരവധി കുട്ടികളെ മരണത്തില്‍ നിന്നും രക്ഷിച്ച് സ്‌കൂളിലെ ഫുട്ബോള്‍ കോച്ച് ആരണ്‍ ഫീസ്. സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിക്ക് മുന്നില്‍ സ്വയം കവചമായി നിന്ന ഇദ്ദേഹം നിരവധി കുട്ടികളെയാണ് രക്ഷിച്ചത്.

ആരോണിനെ അക്രമി വെടിവെച്ചു വീഴ്ത്തിയെങ്കിലും മരിച്ചിട്ടില്ലെന്ന് സ്‌കൂള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.  വെടിവെപ്പില്‍ സാരമായി പരിക്കേറ്റ ആരണ്‍ ഫീസ് ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്. നിലവില്‍ സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലെ സെക്യൂരിറ്റി ഗാര്‍ഡ് കൂടിയാണ് ആരണ്‍. സ്വയം കവചമായി നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ ആരണിന് ആദരവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരിക്കുന്നത്.

കുട്ടികളെ രക്ഷിച്ച ആരണിന്റെ ധീരമായ പ്രവൃത്തിയെ നിരവധി പേര്‍ നവമാധ്യങ്ങളില്‍ അഭിനന്ദിച്ചു. സ്‌കൂളിന്റെ സുരക്ഷക്കായി സ്വയം സമര്‍പ്പിച്ചയാളാണ് ആരണ്‍ എന്ന് ഒരു വിദ്യാര്‍ത്ഥി ട്വീറ്റ് ചെയ്തു. അച്ചടക്ക നടപടി നേരിട്ടതിനേത്തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോളസ് ക്രൂസ് എന്ന വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. ക്രൂസ് നടത്തിയ വെടിവെപ്പില്‍ ഏതാണ്ട് പതിനേഴ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.