കാലവര്‍ഷം എത്തുന്നതിന് മുന്നേ ആലപ്പുഴയിലെ തീരദേശ മേഖലകളായ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളില്‍ ശക്തമായ കടലേറ്റം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് കടല്‍ കരയിലേക്ക് കയറാന്‍ തുടങ്ങിയത്. പലയിടങ്ങളിലും തീരദേശ പാതയില്‍ കൂടി വെള്ളം കിഴക്കോട്ടേക്ക് ഒഴുകി. ഇതുമൂലം ആറാട്ടുപുഴ തെക്ക് പലയിടങ്ങളിലും ഗതാഗത തടസം ഉണ്ടായി.
ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിൽ 2019 നോട് കൂടി ഒരു ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവും പിന്നീടുള്ള ദിവസങ്ങളില്‍ വേഗത കൂടി ഞായറാഴ്ചയോടെ കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 80 മുതൽ 90കിലോമീറ്റർ വരെയായി ഉയരുമെന്നും തമിഴ്നാട് തീരത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നു.
ഈ സാഹചര്യത്തില്‍ 27-ാം തീയതി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഏപ്രില്‍ 27-ന് അതിരാവിലെ 12 മണിയോടെതന്നെ ഏറ്റവും അടുത്തുള്ള തീരത്തെത്തി ചേരണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അഭ്യര്‍ത്ഥിച്ചു.
25-04-2019 രാത്രി 11.30 വരെ കേരള തീരത്ത് 1.5മീറ്റർ മുതൽ 2.2 മീറ്റർ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാൻ സാധ്യതയുണ്ടെന്നും ആയതിനാൽ പ്രസ്തുത പ്രദേശങ്ങളിൽ ഈ കാലയളവിൽ കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കിഴക്ക് കൂടിയുള്ള റോഡിലൂടെയാണ് പല വാഹനങ്ങളും പോയത്. ആറാട്ടുപുഴ, കള്ളിക്കാട്, പെരുമ്പള്ളി, രാമഞ്ചേരി എന്നിവിടങ്ങളിലാണ് കടലേറ്റം ഉണ്ടായത്. റോഡിന് പടിഞ്ഞാറു ഭാഗത്തുള്ള പല വീടുകളിലും വെള്ളം കയറി. തൃക്കുന്നപ്പുഴ പ്രണവം നഗറില്‍ കടല്‍ റോഡ് കവിഞ്ഞൊഴുകി. ചേലക്കാട് മതുക്കല്‍ റോഡില്‍ പലഭാഗത്തും കടലേറ്റം ഉണ്ടായിരുന്നു.
കടല്‍ വെള്ളത്തോടൊപ്പം മണ്ണും കരയിലേക്ക് അടിച്ചു കയറുന്നുണ്ട്. ദുര്‍ബലമായ കടല്‍ഭിത്തി പലഭാഗങ്ങളിലും മണ്ണിനടിയില്‍ ആവുകയാണ്.ആറു മണിയോടെ കടല്‍ പൊതുവെ ശാന്തമായി. എന്നാല്‍ പതിവായി കടലാക്രമണം ഉണ്ടാകുന്ന നല്ലാണിക്കല്‍ പ്രദേശത്ത് നാട്ടുകാര്‍ ഒരാഴ്ച്ച മുന്‍പ് ജെ സി ബി ഉപയോഗിച്ച് മണ്ണ് കൂട്ടി കടല്‍ വെള്ളം തടയാന്‍ ഭിത്തി നിര്‍മ്മിച്ചിരുന്നു. ഈ പ്രദേശത്ത് പ്രശ്ങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല
Leave a Reply