പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ മാനഭംഗ കുറ്റം ചുമത്തി. പ്രതി സഫര്‍ ഷായെ ആറു ദിവസത്തെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടഞ്ഞു വച്ചതിനും കൊലപ്പെടുത്തിയതിനും തെളിവു നശിപ്പിച്ചതിനും ഉള്‍പ്പെടെ വകുപ്പുകളാണ് പ്രതിക്കെതിരേ ആദ്യം ചുമത്തിയിരുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മാനഭംഗക്കുറ്റം ചുമത്തിയത്. കഴിഞ്ഞ ഏഴിനാണ് എറണാകുളം ഈശോഭവന്‍ കോളെജിലെ പ്ലസ് ടു വിദ്യാര്‍ഥിനി ഇവ ആന്റണിയെ തമിഴ്‌നാട്ടിലെ വാല്‍പ്പാറയ്ക്ക് സമീപം തേയിലത്തോട്ടത്തില്‍ കൊന്നു തള്ളിയത്.
നെട്ടൂരിലെ ഒരു വാഹന ഷോറൂമില്‍ ജീവനക്കാരനായ പ്രതി സഫര്‍ ഷായും കൊല്ലപ്പെട്ട ഇവയും നേരത്തെ അടുപ്പത്തിലായിരുന്നു. ഇവ പിന്നീട് താനുമായി അകലുകയാണെന്നും ഒഴിവാക്കുകയുമാണെന്ന പ്രതിയുടെ സംശയമാണു കൊലപാതകത്തില്‍ എത്തിച്ചത്. സംഭവദിവസം സെന്റ് ആല്‍ബര്‍ട്ട് കോളെജിന്റെ പരിസരത്ത് കാത്തുനിന്ന സഫര്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി കൊലപ്പെടുത്തി തേയില തോട്ടത്തില്‍ തള്ളുകയായിരുന്നു.
സഫറുമായി നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവയുടെ സ്‌കൂള്‍ ബാഗ് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊലപാതകം നടന്ന ദിവസമല്ല ഇവ ആന്റണി പീഡിപ്പിക്കപ്പെട്ടതെന്നു വ്യക്തമായിട്ടുണ്ട്. സഫറുമൊപ്പം പെണ്‍കുട്ടി അടുപ്പത്തിലായിരുന്നപ്പോള്‍ ഇരുവരും ഒരുമിച്ചു യാത്രകള്‍ക്കും മറ്റും പോയിരുന്നു. ഈ കാലയളവിലാകാം പീഡിപ്പിച്ചതെന്നു കരുതുന്നു. കൊലപാതകത്തിനു മുന്‍പേ തന്നെ പെണ്‍കുട്ടിയുടെ കന്യകത്വം നഷ്ടപ്പെട്ടിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Leave a Reply