കൊച്ചി: ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറന്നുവിട്ട സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിയന്ത്രണം. വിമാനങ്ങള്‍ ഇറങ്ങുന്നത് ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് നിരോധനം. എന്നാല്‍ വിമാനങ്ങള്‍ പറന്നുയരുന്നതിന് നിയന്ത്രണമില്ലെന്ന് സിയാല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രണ്ടു മണിക്ക് സിയാല്‍ അടിയന്തര അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമായിരിക്കും നിയന്ത്രണം തുടരുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.
നെടുമ്പാശേരിയില്‍ ഇറങ്ങാതെ വഴിതിരിച്ചുവിടുന്ന വിമാനങ്ങള്‍ എവിടെ ഇറക്കണമെന്ന് അതാത് വിമാന കമ്പനികള്‍ക്ക് തീരുമാനിക്കാമെന്നും സിയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. 2013ലും ഇടമലയാര്‍ ഡാം തുറന്നുവിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. അന്ന് ചുറ്റുമതില്‍ തകര്‍ന്നതാണ് വെള്ളം കയറാന്‍ കാരണമെന്നാണ് സിയാല്‍ അറിയിച്ചത്. എന്നാല്‍ ഇത്തവണ ഇടുക്കി ഡാം കൂടി ട്രയല്‍ റണ്‍ നടത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയരുകയും കൂടുതല്‍ വെള്ളം നെടുമ്പാശേരി ഭാഗത്ത് എത്തുമെന്ന സൂചനയുമാണ് മുന്‍കരുതല്‍ എടുക്കാന്‍ സിയാലിനെ പ്രേരിപ്പിച്ചത്.
26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി നാലു മണിക്കൂര്‍ സമയം ട്രയല്‍ റണ്‍ ആണ് നടത്തുക. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇടുക്കി അണക്കെട്ട് പണിതതിനു ശേഷം ഇത് മൂന്നാം തവണയാണ് ഡാം തുറക്കുന്നത്. 1981ലും 1992ലുമാണ് മുന്‍പ് രണ്ടു തവണ ഡാം തുറന്നത്.
Leave a Reply