കൊച്ചി മേയറും പരിവാരങ്ങളും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് നല്‍കി. കോടതിയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും അടിക്കടി വിമര്‍ശനം ഏല്‍ക്കുന്നതിനെ തുടര്‍ന്ന് നഗരസഭാ ഭരണം അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഡി.സി.സി. കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യകഷന്‍മാരായ കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുകയാണെങ്കില്‍ മേയര്‍ സൗമിനി ജെയിനും രാജിവയ്ക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യം അവര്‍ നേതൃത്വത്തെ അറിയിച്ചു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളോടും മേയറിനോടും 23നകം രാജി വയ്ക്കണമെന്നാണ് കത്തില്‍ പ്രസിഡന്റ് ആവശ്യപ്പെട്ടത്. മേയറെ മാറ്റില്ലെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡി.സി.സിയുടെ നീക്കം. ഇത് ഐ ഗ്രൂപ്പ് തന്ത്രമാണെന്നും ആക്ഷേപമുണ്ട്.

സൗമിനിയെ മാറ്റിവയ്ക്കണമെന്ന് , ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ ഹൈബി ഈഡന്‍ എം.പി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തു. സൗമിനിയെ കെ.പി.സി.സി ആസ്ഥാനത്ത് വിളിച്ചുവരുത്തി ചര്‍ച്ചനടത്തിയ ശേഷം പറഞ്ഞയയ്ക്കുകയായിരുന്നു. മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും മാറ്റിയാല്‍ മാറാന്‍ തയാറാണെന്ന് മേയര്‍ സൗമിനി ജയ്ന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അതിന് ചുവടുവെച്ചാണ് പുതിയനീക്കമെന്ന് അറിയുന്നു. 23വരെ കാത്തു നില്‍ക്കുന്നില്ലെന്നും നാളെ തന്നെ രാജി വയ്ക്കുമെന്നും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യൂ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐ ഗ്രൂപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെ നേരത്തെ രാജിവയ്പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അറിയുന്നു. സൗമിനി ജെയ്ന്‍ രാജി വച്ചാല്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഷൈനിയെ ആണെന്ന് അറിയുന്നു. മേയര്‍ സ്ഥാനം നല്‍കാമെന്ന് നേരത്തെ നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഷൈനി മാത്യു വ്യക്തമാക്കിയിരുന്നു. മേയറടക്കം രാജിവച്ചാല്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എള്‍.ഡി.എഫ്. കേരളത്തിന് പുറത്ത് പോയിരിക്കുന്ന സൗമിനി ജെയ്ന്‍ 24നേ കൊച്ചിയിലെത്തൂ. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പ്പറേഷന് കഴിയാതെ വരുകയും സര്‍ക്കാര്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകം അതിന് പരിഹാരം കണ്ടെത്തുകകയും ചെയ്തതോടെ ഹൈക്കോടതി മേയര്‍ക്കെതിരെ വിമര്‍ശനം നടത്തിയിരുന്നു.

അതിന് പിന്നാലെയാണ് നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ ഹൈക്കോടതി ആഞ്ഞടിച്ചത്. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മേയര്‍ സൗമിനി ജെയ്‌നെതിരെ പടപ്പുറപ്പാട് ആരംഭിച്ചത്. കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന നേതാവ് വി.എം സുധീരനും മേയര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ രംഗം ശാന്തമായിരുന്നു. എന്നാല്‍ ഡി.സി.സി നേതൃത്വം കെ.പി.സി.സി തീരുമാനത്തിന് പുല്ല് വില കല്‍പ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളെയും തിടുക്കപ്പെട്ട് മാറ്റുന്നത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിന് അധികനാളില്ലതാനും.