കൊച്ചി മെട്രോ ഉദ്ഘാടനം തീരുമാനമായി; ഉദ്ഘാടനം ജൂണ്‍ 17ന് പ്രധാനമന്ത്രി നിര്‍വഹിക്കും
29 May, 2017, 8:41 pm by News Desk 1

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ പാളത്തിലിറങ്ങുന്നു. ജൂൺ 17ന് ആലുവയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോ ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ഉദ്ഘാടനത്തിനെത്തുമെന്ന അറിയിപ്പ് തന്റെ ഓഫീസിനു ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ ഈ മാസം ഈമാസം 30ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടക്കുമെന്നും പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് നിർവ്വഹിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ഉദ്​ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത്തരമൊരു നിർദേശം ഉയർന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനം നടത്താൻ സർക്കാർ പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് തിയ്യതി മാറ്റിവച്ചത്. മേയ് 29 മുതൽ ജൂൺ മൂന്നുവരെ വിദേശ പര്യടനത്തിലായതിനാലാണ് പ്രധാനമന്ത്രിക്ക് ഇന്ന് എത്താനാവില്ലെന്ന് അറിയിച്ചിരുന്നത്.

ഈ മാസം രണ്ടാം വാരം നടന്ന പരീക്ഷണ ഓട്ടം മെട്രോ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പൈലറ്റുമായി ഏഴു വനിതകളും ഇടംപിടിച്ചിരിക്കുന്നു എന്നതാണ് കൊച്ചി മെട്രോയെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

ആലുവ മുതൽ തൃപ്പൂണിത്തുറയിലെ പേട്ട വരെ 25.6 കിലോമീറ്റർ ദൂരമുള്ള കൊച്ചി മെട്രോക്ക് 22 സ്‌റ്റേഷനുകളുണ്ടാകും. എന്നാൽ ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ 11 സ്റ്റേഷനുകളാണുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒൻപതു ട്രെയിനുകളാണ് ആദ്യഘട്ട സർവീസിന് എത്തിയിരിക്കുന്നത്. ഏഴു റേക്കുകളാണു പ്രതിദിന സർവീസിനു വേണ്ടത്. പത്തു മിനിറ്റ് ഇടവിട്ടാകും സർവീസ് നടക്കുക. 10 രൂപയായിരിക്കും മിനിമം യാത്രാക്കൂലി. അതേസമയം, ടിക്കറ്റ് നിരക്കിൽ വിദ്യാർത്ഥികൾക്ക് ഇളവുണ്ടാകും.

ആലുവ കമ്പനിപ്പടി, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം എന്നിങ്ങനെയാണ് പ്രധാന സ്റ്റേഷനുകൾ. ആലുവയിൽനിന്ന് കമ്പനിപ്പടി വരെ 20 രൂപയാണ് നിരക്ക്. കളമശേരി വരെ 30 രൂപയും ഇടപ്പള്ളി വരെ 40 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്. രാത്രി 10 മണി വരെയാണ് കൊച്ചി മെട്രോ സർവീസ് നടത്തുക.

മൂന്നു കോച്ചുകളുള്ള കൊച്ചി മെട്രോയിൽ ഓരോന്നിലും 136 പേർക്കു വീതം ഇരുന്നു യാത്ര ചെയ്യാം. നിൽക്കുന്നവരുടെ കൂടി കണക്കെടുത്താൽ ഇത് 975 ആയി ഉയരും.

കൊച്ചി മെട്രോ റെയിൽ‌വേ അഥവാ കോമെറ്റ് (Komet) എന്നാണ് കൊച്ചി മെട്രോ പദ്ധതിയുടെ നാമം. 2011-ൽ തുടങ്ങാനിരുന്ന പദ്ധതി പല കാരണങ്ങൾ കൊണ്ടു വൈകുകയായിരുന്നു. ഡെൽഹി മെട്രോ നടത്തുന്ന ഡിഎംആർസിയാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര നഗരവികസന മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആണ് കോമെറ്റിന്റെ ചുമതല നിർവ്വഹിക്കുന്നത്.

17ന് ഉദ്ഘാടനം നടക്കുന്നതോടെ, രാജ്യത്ത്, ഏറ്റവും കുറഞ്ഞ സമയം കൊണ്ടു നിർമാണം പൂർത്തിയാക്കി ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തുന്ന മെട്രോ എന്ന പേരുകൂടി കൊച്ചി മെട്രോയ്ക്കു സ്വന്തമാകുകയാണ്.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS
Copyright © . All rights reserved