കോയമ്പത്തൂർ അവിനാശിയില്‍ കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍.വി. സനൂപിനെ മരണം തട്ടിയെടുത്തത് വിവാഹ ഒരുക്കങ്ങള്‍ക്കിടെ. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍.വി.ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് സനൂപ്. കഴിഞ്ഞമാസം നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 11ന് വിവാഹം നടക്കാനിരിക്കെയാണ് അപ്രതീക്ഷിത വേര്‍പാട്. നീലേശ്വരം തെരുവിലെ യുവതിയുമായി ഉറപ്പിച്ച വിവാഹത്തിനായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛന് ചന്ദ്രനും കുടുംബാംഗങ്ങളും. വീടിന്റെ പെയിന്റിംഗ് നടക്കുന്നതിനിടയില്‍ ഇന്നലെ രാവിലെയെത്തിയ മരണവാര്‍ത്ത ആദ്യമാര്‍ക്കും വിശ്വസിക്കാനായില്ല.
ബംഗളൂരുവിലെ കോണ്ടിനന്റല് ഓട്ടോമോട്ടീവ് കംപോണന്റ്സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സനൂപിനെ എറണാകുളത്ത് ജോലിചെയ്യുന്ന പ്രതിശ്രുത വധുവിനെ കാണുവാനുള്ള യാത്രയ്ക്കിടയിലാണ് മരണം തട്ടിയെടുത്തത്. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയില്‍നിന്നാണ് സനൂപ് ബസില്‍ കയറിയത്. ഈ ബസിലെ 14-ാം നമ്ബര്‍ സീറ്റിലിരുന്നുള്ള യാത്രയിലും സനൂപ് നെയ്തുകൂട്ടിക്കൊണ്ടിരുന്ന വിവാഹസ്വപ്നങ്ങളാണ് അപകടത്തിന്റെ രൂപത്തിലെത്തിയ മരണം ഒരുനിമിഷംകൊണ്ട് കശക്കിയെറിഞ്ഞത്. ഒപ്പം മകനിലുള്ള വീട്ടുകാരുടെ ഒരുപാട് പ്രതീക്ഷകളും. സനൂപിന്റെ സഹോദരി സബിന വിവാഹിതയാണ്. ഇളയ സഹോദരന് രാഹുല്‍ വിദ്യാര്‍ഥിയാണ്. നാട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു സനൂപ്. സാധാരണകുടുംബത്തിൽ ജനിച്ചുവളർന്ന സനൂപ് സ്കൂളില്ലാത്ത സമയങ്ങളിൽ മമ്പലത്തുള്ള മുറുക്ക് ഫാക്ടറിയിൽ ജോലിചെയ്തിരുന്നു.
പയ്യന്നൂർ നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു അച്ഛൻ എൻ.വി.ചന്ദ്രൻ. അമ്മ ശ്യാമള വീട്ടമ്മയായിരുന്നു. ഒരു സഹോദരനും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പ്രതീക്ഷകൾ സനൂപിലായിരുന്നു. പയ്യന്നൂർ കണ്ടങ്കാളി ഹയർ സെക്കൻഡറി സ്കൂളിലായിരുന്ന പ്ലസ് ടു വരെയുള്ള പഠനം. കൊല്ലം ടി.കെ.എം.സി.ഇ.യിൽനിന്ന് എൻജിനീയറിങ് പൂർത്തിയാക്കിയശേഷം ട്രിച്ചിയിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ എം.ടെക്. പൂർത്തിയാക്കി. ബെംഗളൂരുവിലെ കോണ്ടിനന്റൽ ഓട്ടോമോട്ടീവ് കോംബോണൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. ഫുട്‌ബോൾ താരമായിരുന്ന സനൂപ് കോളേജ് ടീമിലുൾപ്പെടെ അംഗമായിരുന്നു. യാത്രകളിഷ്ടപ്പെടുന്ന സനൂപ്, സമൂഹമാധ്യമത്തിലൂടെ യാത്രകളുടെ ചിത്രങ്ങളായിരുന്നു കൂടുതലും പങ്കുവെച്ചിരുന്നത്. ബസ്സിൽ സനൂപ് ഉണ്ടായിരുന്നെന്ന് ഉറപ്പായതോടെ കൂട്ടുകാരുൾപ്പെടെയുള്ളവർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, കിട്ടാഞ്ഞതിനെത്തുടർന്ന് ആശങ്കയിലായിരുന്നു രാവിലെമുതൽ എല്ലാവരും. മരിച്ചവരുടെ പേരുകളുടെകൂടെ സനൂപിന്റെ പേര് പറയാഞ്ഞതിനെത്തുടർന്ന് ആശ്വാസത്തിലായിരുന്നു വീട്ടുകാരുൾപ്പെടെയുള്ളവർ. ഉച്ചകഴിഞ്ഞ് ബെംഗളൂരുവിൽനിന്ന് സനൂപിന്റെ സുഹൃത്ത് എത്തി വിവരംപറഞ്ഞതോടെ വിങ്ങിപ്പൊട്ടുകയായിരുന്നു നാട്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ സനൂപിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കിട്ടുന്ന പണം കൊണ്ടു സനൂപിനെ പഠിപ്പിക്കാൻ ചന്ദ്രനും ശ്യാമളയും ഏറെ ത്യാഗം ചെയ്തിട്ടുണ്ട്. ഇതിനിടയിൽ മകൾ ശബ്നയുടെ വിവാഹവും നടത്തി. പഠനത്തിൽ മിടുക്കനായ സനൂപിനോട് സിവിൽ സർവീസ് പരീക്ഷ എഴുതാൻ സുഹൃത്തുക്കൾ ഏറെ നിർബന്ധിച്ചിരുന്നു. എന്നാൽ ഇനിയും അച്ഛനെ വിഷമിപ്പിക്കാനാവില്ലെന്ന മറുപടിയോടെ അതിൽ നിന്നു പിന്മാറുകയായിരുന്നു. സനൂപിന്റെ അനുജൻ രാഹുൽ പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്നു തെളിഞ്ഞതോടെ ഈ റാങ്ക് പട്ടിക മരവിപ്പിച്ചു. ഇതോടെ ജോലി അനിശ്ചിതത്വത്തിലായി. ഇന്നലെ തൃശൂരിൽ നടന്ന റാങ്ക് ഹോൾഡർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു രാഹുൽ. മരണ വിവരം അറിയിക്കാതെയാണു മറ്റുള്ളവർ രാഹുലിനെ ട്രെയിൻ കയറ്റി അയച്ചത്. വീട്ടിലെത്തിയപ്പോഴാണ് രാഹുൽ ജ്യേഷ്ഠന്റെ വേർപാട് അറിയുന്നത്.
Leave a Reply