വൈദ്യുതാഘാതമേറ്റ് ചത്തനിലയില്‍ കണ്ടെത്തിയ മയിലിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കോയമ്പത്തൂര്‍ ശിങ്കനല്ലൂര്‍ പോലീസാണ് ദേശീയ പതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതി നല്‍കി വനപാലകരെ ഏല്‍പ്പിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
കോയമ്പത്തൂര്‍ എസ്‌ഐഎച്ച്എസ് കോളനി പെട്രോള്‍ പമ്പിന് സമീപമുള്ള ട്രാന്‍സ്ഫോമറിലാണ് ഏകദേശം മൂന്നു വയസ്സുള്ള മയില്‍ കുടുങ്ങിയത്. പ്രകൃതിസ്നേഹിയായ കന്തവേലന്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ സുകുമാരന്‍ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് മയിലിനെ പുറത്തെടുത്തു.
കൂടിനിന്നവരുടെ മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ പതാക പുതപ്പിച്ച് ശേഷം സല്യൂട്ട് നല്‍കി മധുക്കര വനപാലകര്‍ക്ക് സംസ്‌കരിക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു.
അതേസമയം, ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന ദേശീയപക്ഷിയായ മയിലിന് മരണം സംഭവിച്ചാല്‍ പ്രോട്ടോകോള്‍ പ്രകാരം ദേശീയപതാക പുതപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് വടക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ മയില്‍ ചത്തപ്പോള്‍ ദേശീയ പതാക പുതപ്പിച്ച് ബഹുമതി നല്‍കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കോയമ്പത്തൂരില്‍ പോലീസ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Leave a Reply