പത്തും പതിമൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് ദമ്പതിമാർ. ഹൈദരാബാദിലെ സ്വകാര്യ കോളേജിലെ അധ്യാപകനായിരുന്ന ചന്ദ്രശേഖര്‍ റെഡ്ഡി (44), ഭാര്യ കവിത (35) എന്നിവരാണ് മക്കളെ കൊന്നശേഷം ജീവനൊടുക്കിയത്. കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഇരുവരും ജീവനൊടുക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.
നാല് പേരുടേയും മൃതദേഹത്തിന് അരികില്‍നിന്ന് തെലുങ്കില്‍ എഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. ‘എനിക്ക് വേറെ വഴിയില്ല. ജീവിതം അവസാനിപ്പിക്കുകയാണ്. ദയവായി എന്നോട് ക്ഷമിക്കൂ. മാനസികമായും ശാരീരികമായും ഞാന്‍ കഷ്ടപ്പെടുകയാണ്. ജോലിയിൽ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രമേഹവും വൃക്കസംബന്ധമായ രോഗങ്ങളും പിടിമുറുക്കിയിരിക്കുന്നു.’ ചന്ദ്രശേഖര്‍ റെഡ്ഡി എഴുതിയ കുറിപ്പില്‍ പറയുന്നു. ജൂനിയര്‍ ലക്ചററായി ജോലി ചെയ്തിരുന്ന ചന്ദ്രശേഖറിന് 2023-ല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നുവെന്നും അടുത്ത ബന്ധുക്കള്‍ പറയുന്നു.
ഹബ്‌സിഗുദയിലെ വീടിന്റെ മൂന്നാം നിലയിലാണ് ചന്ദ്രേശഖറും കുടുംബവും താമസിച്ചിരുന്നത്. വ്യത്യസ്ത റൂമുകളിലാണ് ചന്ദ്രശേഖറിന്റേയും കവിതയുടേയും മൃതദേഹങ്ങളുണ്ടായിരുന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ അവരുടെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് അയല്‍വാസികള്‍ സംഭവം പോലീസിനെ അറിയിക്കുന്നത്. ആരേയും വീടിന് പുറത്ത് കാണത്തതിനെ തുടര്‍ന്നാണ് സമീപവാസികള്‍ പോലീസിനെ വിളിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
മകള്‍ ശ്രീത റെഡ്ഡി പ്ലസ് വണ്ണിനും മകന്‍ വിശ്വന്‍ റെഡ്ഡി അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്. തെലങ്കാനയിലെ കല്‍വകുര്‍തി സ്വദേശികളാണ് ചന്ദ്രശേഖറും കവിതയും. ഇരുവരുടേയും കുടുംബം ഇപ്പോള്‍ ഹൈദരാബാദിലാണ് താമസിക്കുന്നത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Leave a Reply