ഇരുമുന്നണികളും സീറ്റുകൾ തുല്യമായി പങ്കിട്ട എറണാകുളം ജില്ലയിലെ കളമശ്ശേരി, കൊല്ലം ജില്ലയിലെ പരവൂർ, കോട്ടയം നഗരസഭകളിൽ ടോസിലൂടെ ഭരണം നിർണയിച്ചപ്പോൾ ഭാഗ്യം തുണച്ചത് യുഡിഎഫിന്. മൂന്നു നഗരസഭകളിലും നറുക്കെടുപ്പിലൂടെ ഭരണം നേടിയെങ്കിലും വിജയമുറപ്പിച്ച പത്തനംതിട്ടയിൽ വിമതരുടെ സഹായത്തോടെ എൽഡിഎഫ് ഭരണം നേടിയതിന്റെ സങ്കടത്തിലാണ് യുഡിഎഫ്.

കളമശ്ശേരി നഗരസഭയിൽ സീമ കണ്ണനാണ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. പരവൂരിൽ പി ശ്രീജയാണ് ചെയർപേഴ്‌സൺ. കോട്ടയം നഗരസഭയിൽ ബിൻസി സെബാസ്റ്റ്യനെയും ചെയർപേഴ്‌സണായി തെരഞ്ഞെടുത്തു. കളമശ്ശേരി നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 20 വീതം അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെയാണ് സീമ കണ്ണന് ഭരണം ലഭിച്ചത്. അഡ്വ. ചിത്ര സുരേന്ദ്രനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

42 വാർഡുകളുള്ള നഗരസഭയിൽ ഒരു വാർഡിലെ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി മരിച്ചതിനെത്തുടർന്ന് റദ്ദാക്കി. ബാക്കിയുള്ള 41 വാർഡുകളിൽ യുഡിഎഫിന് 19ഉം എൽഡിഎഫിന് 18ഉം വാർഡുകളും എൻഡിഎയ്ക്ക് ഒരു വാർഡും ലഭിച്ചു. ഇവരെ കൂടാതെ ഒരു സിപിഎം വിമതനും ഒരു കോൺഗ്രസ് വിമതനും ഒരു മുസ്ലിം ലീഗ് വിമതനും വിജയിച്ചിരുന്നു. സിപിഎം വിമതയായി ജയിച്ച ബിന്ദു മനോഹരൻ എൽഡിഎഫിനൊപ്പം കൂടി. മുസ്ലിം ലീഗ് വിമതനായി വിജയിച്ച കെഎച്ച് സുബൈറും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. വിജയിച്ച കോൺഗ്രസ് വിമത സ്ഥാനാർഥി എകെ നിഷാദ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

കോട്ടയത്ത് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് 22 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. യുഡിഎഫിന് 21 അംഗങ്ങളായിരുന്നുവെങ്കിലും സ്വതന്ത്രഅംഗം ബിൻസി സെബാസ്റ്റ്യൻ അവരുടെ പക്ഷത്തേക്ക് വന്നതോടെയാണ് അവരുടെ അംഗനില ഇടതിന് ഒപ്പമായത്. ഇടത് മുന്നണിയിൽ സിപിഎം അംഗം ഷീജ അനിലാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് മത്സരിച്ചത്.

ഇതിനിടെ, കോൺഗ്രസ് വിമതർ എൽഡിഎഫിനെ പിന്തുണച്ചതോടെ പത്തനംതിട്ട നഗരസഭയിലെ ഭരണം എൽഡിഎഫിന്. വോട്ടെടുപ്പിൽ നിന്ന് എസ്ഡിപിഐ വിട്ടുനിന്നതോടെയാണ് എൽഡിഎഫ് ഭരണം ഉറപ്പിച്ചത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് പത്തനംതിട്ട നഗരസഭയുടെ ഭരണം എൽഡിഎഫിന് ലഭിക്കുന്നത്. കോൺഗ്രസ് വിമതരായ മൂന്ന് സ്വതന്ത്രരുടേതുൾപ്പെടെ 16 വോട്ടുകൾ എൽഡിഎഫിലെ ചെയർമാൻ സ്ഥാനാർത്ഥി ടി സക്കീർ ഹുസൈന് ലഭിച്ചു. 13 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്.

മൂന്ന് അംഗങ്ങളുള്ള എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അതേ സമയം എൽഡിഎഫുമായുള്ള രഹസ്യ ധാരണ പ്രകാരമാണ് എസ്ഡിപിഐ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് യുഡിഎഫ് ആരോപിച്ചു.