കൊളോണ്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ ലൈംഗികാതിക്രമങ്ങളില്‍ അറബ് ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് പ്രതികളെന്ന പൊലീസിന്റെ നിഗമനം നഗരത്തിലെ മഡോ ഹോട്ടലില്‍ കഴിയുന്ന 140 ഓളം അഭയാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അഞ്ഞൂറോളം സ്ത്രീകളാണ് പുതുവത്സരാഘോഷത്തിനിടെ അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പാകിസ്ഥാനികളെ ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് ഗിനിയക്കാര്‍ക്കും രണ്ട് സിറിയന്‍കാര്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. സ്ഥലത്ത് വന്‍തോതില്‍ പൊലീസ് എത്തിയതോടെയാണ് ആക്രമണങ്ങള്‍ക്ക് അറുതിയായത്.
ഇന്ന് രാത്രി മുസ്ലീം വിരുദ്ധ പ്രസ്ഥാനമായ പെഗിഡ ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ വിദേശികള്‍ക്കെതിരെയുളള പ്രതിഷേധ പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്ന ഗുണം ഉണ്ടാകില്ലെന്ന് ജസ്റ്റിസ് മന്ത്രി ഹെയ്‌കോ മാസ് പറഞ്ഞു. ഈ നടപടി ന്യായീകരിക്കാനാകില്ല. പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ അക്രമത്തെ തുടര്‍ന്ന് നിലക്കാത്ത് ഭീഷണികളും വംശീയമായുള്ള അധിക്ഷേപങ്ങളും തുടരുന്നതിനാല്‍ ടെലിഫോണ്‍ കണക്ഷനുകള്‍ പോലും വിച്ഛേദിച്ചതായി ജര്‍മനിയിലെ പ്രധാന മുസ്ലീം സംഘടനയായ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് മുസ്ലീംസ് വ്യക്തമാക്കി.
തങ്ങള്‍ക്ക് നേരെ എന്ത് നടപടിയുണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി മഡോ ഹോട്ടലില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ പറഞ്ഞു. ഇവിടെ നിന്ന് ഏറെ ദൂരത്തേക്ക് പോകാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. വിദേശിയായി തോന്നുന്നവരുടെ നേരെ ആക്രമണങ്ങള്‍ നടക്കുന്നു എന്നതാണ് ഇപ്പോള്‍ രാജ്യത്തെ സ്ഥിതിയെന്നും അഭയാര്‍ത്ഥികളുടെ കൂട്ടത്തിലുളള ഇരുപത്തഞ്ചുകാരനായ ആഫ്രിക്കക്കാരന്‍ പ്രിന്‍സ് ബെര്‍ചീ പറഞ്ഞു. ഇതേ ആശങ്കകള്‍ കൊളോണിലെ റെഡ്‌ക്രോസ് അഭയാര്‍ത്ഥി കേന്ദ്രത്തിലുളളവരും പങ്ക് വച്ചു. ഭാവിയില്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നോര്‍ത്ത് വിഷമിക്കുന്നതായി ഹുസൈന്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥി പറഞ്ഞു. പുതുവര്‍ഷാഘോഷ രാവിലുണ്ടായ സംഭവം ഞങ്ങളെ ഞെട്ടിപ്പിച്ചു. സിറിയക്കാര്‍ സ്ത്രീകളെ ബഹുമാനിക്കുന്നവരാണെന്നും 27കാരനായ ആ യുവാവ് കൂട്ടിച്ചേര്‍ത്തു.
കൊളോണ്‍ ആക്രമണത്തെ അപലപിച്ച് ഒരു സംഘം സിറിയന്‍ പാക് അഭയാര്‍ത്ഥികള്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന് കത്തെഴുതിയിട്ടുമുണ്ട്. സ്ത്രീകളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരാണ് തങ്ങളെന്ന് ഇവര്‍ ആ കത്തില്‍ അടിവരയിട്ട് പറയുന്നു. ആതിഥേയ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് തങ്ങള്‍. ഈ രാജ്യം ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ കത്തില്‍ അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാജ്യത്തെ മുസ്ലീങ്ങള്‍ ആക്രമണങ്ങളെ അപലപിക്കുന്നു. ഈ നടപടി മുസ്ലീങ്ങളോട് വെറുപ്പ് വളരാന്‍ ഇടയാക്കിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ചിലരിതിനെ സര്‍ക്കാരിന്റെ പോരായ്മയായി വിലയിരുത്തുന്നു. ആക്രമണം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും ഉണ്ട്. അനിയന്ത്രിതമായ അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പോപ്പ് ഫ്രാന്‍സിസ് പ്രതികരിച്ചു. എന്നാല്‍ അഭയാര്‍ത്ഥികളെ സഹായിക്കാനും സ്വന്തം രാജ്യത്തെ പൗരന്‍മാരെ സംരക്ഷിക്കാനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.