കോമഡി സ്റ്റാര്‍സ് എന്ന പരിപാടി കാണുന്നവര്‍ക്കെല്ലാം പരിചിതനായിരുന്നു ഷാബുരാജ്. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും ആ മുഖം കാണുമ്പോള്‍ പ്രേക്ഷക മനസ്സില്‍ ചിരി വിരിയും. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ക്കാണ് താരം ജീവന് നല്‍കിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പുരുഷ വേഷങ്ങളില്‍ മാത്രമല്ല സ്ത്രീ വേഷങ്ങളിലും തിളങ്ങിയിരുന്നു അദ്ദേഹം. നിര്‍ധന കുടുംബമായ ഷാബുരാജിന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സുഹൃത്തുക്കള്‍. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്.
വേദനയോടെയല്ലാതെ അദ്ദേഹത്തെ ഓര്‍ക്കാനാവുന്നില്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ദീപു. കോമഡി സ്റ്റാര്‍സുള്‍പ്പടെ ഷാബുവിനൊപ്പം സ്ഥിരമായി ദീപുവും ഉണ്ടാവാറുണ്ട്. ഷാബുവിന്റെ കോമഡി രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. വിങ്ങലോടെയല്ലാതെ ആ രംഗങ്ങള്‍ കാണാനാവില്ലെന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്. ഷാബുവിന്റെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് താരങ്ങളും എത്തിയിരുന്നു. അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു സിനിമയെന്ന് ദീപു പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ദീപു വിശേഷങ്ങള്‍ പങ്കുവെച്ചത്.
മരിക്കും മുന്‍പ് ഒരു സിനിമയിലെങ്കിലും മുഖം കാണിക്കണം ഇതായിരുന്നു ഷാബുവിന്റെ വലിയ ആഗ്രഹമെന്ന് ദീപു പറയുന്നു. ഇതേക്കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ട്. ഇങ്ങനെ നടന്നാല്‍ പറ്റില്ല, എങ്ങനെയെങ്കിലും ഒന്ന് കരകയറണം, രക്ഷപ്പെടണം. മക്കളെ നല്ല നിലയിലാക്കണം, അദ്ദേഹം എന്നും പറയാറുണ്ട്. അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും ആ വാക്കുകളാണ് മനസ്സിലേക്ക് വരുന്നത്. മരിക്കും മുന്‍പ് ഒരു സിനിമയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാതെയാണ് അദ്ദേഹം യാത്രയായത്. കുടുംബത്തെ നല്ല രീതിയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സ്വപ്നം കണ്ടിരുന്നു.
ഷാബു അണ്ണനെന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. എനിക്ക് അദ്ദേഹം ചേട്ടനായിരുന്നു. കോമഡി സ്റ്റാര്‍സില്‍ ഞങ്ങളാണ് കോമ്പിനേഷന്‍. നിരവധി ട്രൂപ്പുകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ യാത്രകളിലെല്ലാം അണ്ണനായിരുന്നു എന്റെ ശക്തി. ഏത് വര്‍ക്ക് കിട്ടിയാലും അദ്ദേഹത്തെയാണ് ഞാന്‍ ആദ്യം വിളിക്കാറുള്ളത്. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന പച്ചയായ മനുഷ്യനാണ്. എന്നെ അനിയനെപ്പോലെയാണ് അദ്ദേഹം കണ്ടത്.
അദ്ദേഹം ഇനിയില്ലെന്നുള്ള കാര്യത്തെക്കുറിച്ച് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രോഗ്രാമുണ്ടാവുമ്പോള്‍ ഒരു മുറിയിലാണ് ഞങ്ങള്‍ കഴിയാറുള്ളത്. അദ്ദേഹത്തിന് എന്തെങ്കിലും അസുഖമുള്ളതായോ, അത് അദ്ദേഹത്തിന്റെ ജീവനെടുക്കുമെന്നോ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. സൈലന്റ് അറ്റാക്ക് അദ്ദേഹത്തെ നേരത്തേ പിടികൂടിയിരുന്നു. ആശുപത്രിയിലേക്ക് പോയപ്പോള്‍ 50 ശതമാനം സാധ്യതയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാനും ആശുപത്രിയിലുണ്ടായിരുന്നു. അദ്ദേഹം തിരിച്ച് വരുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു.
എല്ലാത്തിനേയും പോസിറ്റീവായി കാണുന്നയാളാണ് ഷാബു അണ്ണന്. ജീവിതത്തിലും തമാശയായിരുന്നു അദ്ദേഹത്തിന്. ചേച്ചിക്കും 4 മക്കള്‍ക്കും സന്തോഷമുള്ളൊരു ജീവിതം, ഇതേക്കുറിച്ച് പറഞ്ഞ് അദ്ദേഹം സങ്കടപ്പെടാറുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് വേണ്ടി രാപ്പകലില്ലാതെ സ്റ്റേജ് ഷോകളിലും ഉത്സവപ്പറമ്പുകളിലും കയറി ഇറങ്ങിയ മനുഷ്യനാണ് അവരുടെ മുന്നില്‍ ജീവനില്ലാതെ കിടക്കുന്നത്. മിമിക്രിയിലൂടെ ലഭിച്ച വരുമാനമായിരുന്നു അദ്ദേഹത്തിനുള്ളത്. നാല് മക്കളാണ് അദ്ദേഹത്തിന്. മൂന്നാണ്മക്കളും ഒരു മകളുമാണ്. മൂത്ത മകന് 12 വയസ്സാവുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ഭാര്യയും ഹൃദ്രോഗിയാണ്.
Leave a Reply