ന്യൂസ് ഡെസ്ക് മലയാളം യുകെ
ഓസ്ട്രേലിയ : പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകളിൽ ഒന്നായ, കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ക്രിപ്റ്റോ കറൻസികൾ വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കിന്റെ ആപ്പിലൂടെയാണ് ഈ സൗകര്യം കസ്റ്റമേഴ്സിന് ലഭ്യമാകുന്നത്. യു എസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ജമിനിയുമായും, ബ്ലോക്ക്‌ചെയിൻ അനാലിസിസ് ഫേം ചെയിൻ അനാലിസിസുമായും ചേർന്നാണ് കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ 6.5 മില്യൻ ആപ്പ് വഴി കസ്റ്റമേഴ്സിന് ക്രിപ്റ്റോകറൻസികൾ വ്യാപാരം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിറ്റ് കോയിൻ, എതിറിയം, ലൈറ്റ് കോയിൻ ഉൾപ്പെടെ പത്തോളം ക്രിപ്റ്റോകറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യങ്ങൾ കസ്റ്റമേഴ്സിന് ഈ ആപ്പിലൂടെ ലഭ്യമാകും. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കുമെന്നും, 2022 ഓടെ ഇത് പൂർണ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന് പൂർണ്ണമായും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോമാണ് തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി ബി എ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കോമിൻ വ്യക്തമാക്കി.
ബാങ്ക് നടത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗം കസ്റ്റമേഴ്സും ക്രിപ്റ്റോകറൻസികളിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ നിലവിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവരുമാണ്. ഇതേ തുടർന്നാണ് ഇത്തരമൊരു സൗകര്യം ഒരുക്കി നൽകുവാൻ ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു പല എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകളിലും ജനങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതകളേറെ ആണെന്നും, എന്നാൽ അത്തരം ഭീഷണികളെ എല്ലാം ഒഴിവാക്കി പൂർണ്ണ സുരക്ഷിതത്വബോധം കസ്റ്റമേഴ്സിന് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഈ സൗകര്യം ലഭ്യമാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രമുഖ ബാങ്കുകളിൽ ഒന്നാണ് സി ബി എ. ഈ സംവിധാനം ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.
കോമൺവെൽത്ത് ബാങ്ക് ഇത്തരമൊരു മേഖലയിലേയ്ക്ക് ചുവടുവച്ചതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്ന് സ്വൈൻബെൺ ബിസിനസ് സ്കൂൾ ലക്ചറർ ഡോക്ടർ ഡിമിട്രിയസ് സലംപാസിസ് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികളെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന് മാറ്റമുണ്ടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയിലുള്ള നിരവധി വിദഗ്ധരും ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
Leave a Reply