കോട്ടയം: തുരന്തോ എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന് റെയില്‍വേ 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കോട്ടയം വാഴൂര്‍ സ്വദേശി സിജെ ബുഷ് നല്‍കിയ പരാതിയിലാണ് നടപടി. 2012 മാര്‍ച്ചില്‍ മുംബൈയില്‍ നിന്നും എറണാകുളത്തേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വച്ച് എലി കടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ റെയില്‍വേ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബുഷ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ബുഷ് പറയുന്നു. 2012 മാര്‍ച്ച് 11ന് വെളുപ്പിനാണ് സംഭവം നടന്നത്. ഉറക്കത്തിനിടയിലാണ് വിരളിന് കടിയേറ്റത്. മുറിവ് ആഴത്തിലുള്ളതായിരുന്നു. സംഭവം ടിടിയെ അറിയിച്ചെങ്കിലും ടിടി എടുക്കാനുള്ള സൗകര്യം ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബുഷിന്റെ പരാതി.
ടിടി എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഞ്ചരക്ക് ട്രെയിന്‍ എറണാകുളത്ത് എത്തുമ്പോള്‍ റെയില്‍വേ ആശുപത്രിയില്‍ ചെന്നെടുക്കാന്‍ ആവശ്യപ്പെട്ടു. അവിടെയും ഇതുതന്നെയായിരുന്നു പ്രതികരണമെന്നാണ് ബുഷ് പറയുന്നത്. റെയില്‍വേയില്‍ നിന്നും ചികിത്സ ലഭിക്കാത്തതിനാല്‍ ബുഷ് ഒരുസ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയടത്.
ബുഷിന്റെ വാദങ്ങളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി 10,000 രൂപ നഷ്ട പരിഹാരവും 3000 രൂപ കോടതിച്ചെലവും നല്‍കാന്‍ വിധിച്ചത്.