ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ലണ്ടനിലെ പ്രമുഖ പ്രൈവറ്റ് സ്കൂളുകളിലൊന്നായ ഹാമ്മർസ്മിത്തിലെ ലാറ്റിമർ അപ്പർ സ്കൂളിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതായി പരാതി. സ്കൂളിൽ ഒരു റേപ്പ് കൾച്ചർ ആണ് നിലനിൽക്കുന്നത് എന്നാണ് ആരോപണം. ഇത്തരത്തിലുള്ള ആരോപണങ്ങൾ സ്കൂളിനെ പ്രതിസന്ധിയിലേയ്ക്ക് നയിക്കുന്നതായി പ്രധാന അധ്യാപകൻ ഡേവിഡ് ഗുഡ്ഹ്യു മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടികളെ ക്ലാസിലെ മറ്റ് ആൺകുട്ടികൾ തന്നെ ലൈംഗികമായി ഉപയോഗിക്കുന്നതായും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സമ്പന്നരായ വെളുത്ത വർഗ്ഗക്കാരായ ആൺകുട്ടികളാണ് ഇത്തരത്തിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് എന്ന ശക്തമായ ആരോപണവും രംഗത്തുവന്നിട്ടുണ്ട്. ആൺകുട്ടികൾ ലൈംഗികപരമായി തങ്ങളെ ആക്ഷേപിക്കുകയും മറ്റും ചെയ്തതായി പെൺകുട്ടികൾ പരാതിയിൽ രേഖപ്പെടുത്തുന്നു.
അധ്യാപകർ ആരും തന്നെ ഈ വിഷയത്തെ ഗൗരവമായി ഇതുവരെ കണക്കിലെടുത്തില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ചില മാതാപിതാക്കൾ ഇതിനെതിരെ പരാതി നൽകിയെങ്കിലും, ഈ പരാതികൾ ഒന്നും തന്നെ സ്കൂൾ അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല. സ്കൂളിനെതിരെ വന്ന ആരോപണത്തിൽ തങ്ങൾക്ക് പ്രയാസം ഉണ്ടെന്നും, കുട്ടികളുടെ സുരക്ഷയാണ് തങ്ങൾക്ക് പ്രധാനമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഇത്തരത്തിലുള്ള അതിക്രമങ്ങൾ നടക്കാൻ ഒരിക്കലും സ്കൂൾ അനുവദിക്കുകയില്ല എന്ന് അധികൃതർ ഉറപ്പു നൽകി. ഇത്തരത്തിൽ ലഭിച്ച പരാതികൾ എല്ലാംതന്നെ വ്യക്തമായി അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Leave a Reply