കോവിഡ് വായുവിലൂടെയും പടരുമെന്ന് ശാസ്ത്രജ്ഞർ ; ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം. പടികടന്നെത്തുന്ന കൊറോണയെ പ്രതിരോധിക്കാൻ വീടിനുള്ളിലും മാസ്ക് ആവശ്യമായി വന്നേക്കാം!

കോവിഡ് വായുവിലൂടെയും പടരുമെന്ന് ശാസ്ത്രജ്ഞർ ; ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കണമെന്ന് ആവശ്യം. പടികടന്നെത്തുന്ന കൊറോണയെ പ്രതിരോധിക്കാൻ വീടിനുള്ളിലും മാസ്ക് ആവശ്യമായി വന്നേക്കാം!
July 06 16:54 2020 Print This Article

സ്വന്തം ലേഖകൻ

വാഷിങ്ടൺ : കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബ്രിട്ടനിൽ കോവിഡ് കുറഞ്ഞുവരികയാണെങ്കിലും അമേരിക്ക, ഇന്ത്യ പോലുള്ള രാജ്യങ്ങൾ കനത്ത ആരോഗ്യ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് വായുവിലൂടെയും പടർന്നുപിടിക്കാമെന്ന് 239 ശാസ്ത്രജ്ഞരുടെ ഒരു സംഘം മുന്നറിയിപ്പ് നൽകി. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വീടിനുള്ളിൽ ആണെങ്കിലും വൈറസ് പടരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വീടിനുള്ളിൽ ആയിരിക്കുമ്പോഴും മാസ്ക് ധരിക്കുന്നത് സുരക്ഷിതമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ലോകത്തെ 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരാണ് കണ്ടെത്തൽ നടത്തിയത്. പുതിയ കണ്ടെത്തൽ സംബന്ധിച്ച്​ അടുത്ത ആഴ്​ച ശാസ്​ത്ര ജേണൽ പ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും​ ശാസ്ത്രജ്ഞർ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും തെളിവുകളുടെ അപര്യാപ്ത മൂലമാണ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടാകാത്തത്.

ശാസ്ത്രജ്ഞരുടെ നിഗമനം കൃത്യമാണെങ്കിൽ, ആളുകൾ സാമൂഹികമായി അകന്നു നിൽക്കുമ്പോഴും വീടിനുള്ളിൽ മാസ്‌ക്കുകൾ ധരിക്കേണ്ടിവരുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കൂടാതെ എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ പുതിയ ഫിൽറ്ററുകൾ ചേർക്കേണ്ടതായും വരും. കൊറോണ വൈറസ് പ്രധാനമായും ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് മൂക്കിൽ നിന്നോ വായിൽ നിന്നോ പുറപ്പെടുന്ന ചെറിയ തുള്ളികളിലൂടെ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസിന് മൂന്ന് മണിക്കൂർ നേരം വായുവിലും പ്ലാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്ന് ദിവസം വരെയും നിലനിൽക്കാൻ കഴിവുണ്ടെന്ന് മാർച്ചിൽ യുഎസ് ഗവേഷകർ അറിയിച്ചിരുന്നു. രോഗ പ്രതിസന്ധി തടയാൻ ആളുകൾ കൈകഴുകേണ്ടത് അത്യാവശ്യമാണെന്ന് ജോർജ്ജ് ടൗൺ സർവകലാശാലയിലെ മൈക്രോബയോളജി പ്രൊഫസർ ജൂലി ഫിഷർ അറിയിച്ചു. അതേസമയം, കോവിഡ്​ വായുവിലൂടെ പടരു​മെന്നതിനുള്ള​ തെളിവ്​ ബോധ്യപ്പെടുന്നതായിരുന്നില്ലെന്ന്​ ലോകാരോഗ്യ സംഘടനയുടെ ഡോ. ബെനെഡെറ്റ അല്ലെഗ്രാൻസി അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles