ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ ഒട്ടു മിക്ക സ്ഥാപനങ്ങളും തങ്ങളുടെ മുൻനിര ജീവനക്കാരെ ടെസ്റ്റിന് വിധേയമാക്കുകയും വിവരങ്ങൾ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്യുന്നുണ്ട്. എന്നാൽ 4000 ആമസോൺ ജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തി കിട്ടിയ പരിശോധനാഫലം തെറ്റായിരുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത് . വൈറസ് പരിശോധന നടത്തി എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രേസുമായി പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ 3853 തെറ്റായ അറിയിപ്പുകളാണ് ഫെബ്രുവരി -13 ന് നൽകപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത് . വൈറസ് പരിശോധനയിൽ നെഗറ്റീവായത് ജീവനക്കാരെ ആമസോൺ അറിയിച്ചിരുന്നു. എന്നാൽ കോൺടാക്ട് ട്രേസിന് തെറ്റായ സന്ദേശം നൽകിയതാണ് പിഴവിന് കാരണമായത്. വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ച സംഭവത്തിൽ ഒരു ടെസ്റ്റ് ആൻഡ് ട്രേസ് സെന്ററിന് മാത്രം ജീവനക്കാരിൽ നിന്ന് കിട്ടിയത് 500-ലധികം കേസുകളാണ്.

ഒക്ടോബർ മുതൽ ആമസോൺ കമ്പനി തങ്ങളുടെ ജീവനക്കാരുടെ കോവിഡ് ടെസ്റ്റ് നടത്തുകയും വിവരങ്ങൾ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലേയ്ക്ക് അയക്കുകയും ചെയ്യുന്നുണ്ട്. തെറ്റായ വിവരങ്ങൾ കൈമാറിയതിൻെറ അടിസ്ഥാനത്തിൽ എൻഎച്ച്എസ് നിർദ്ദേശങ്ങൾ പാലിച്ചതായും എല്ലാ ജീവനക്കാർക്കും പിശകിനെ സംബന്ധിച്ച് മതിയായ വിവരങ്ങൾ കൈമാറിയെന്നും കമ്പനി അറിയിച്ചു. ക്വാറന്റൈനിൽ പോകാനുള്ള തെറ്റായ നിർദ്ദേശങ്ങൾ നൽകപ്പെട്ട ജീവനക്കാരുടെ സ്വയം ഒറ്റപ്പെടൽ നിർദ്ദേശം പിൻവലിച്ചതായുള്ള അറിയിപ്പ് നൽകി കഴിഞ്ഞതായി ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ അറിയിച്ചു .