യുവാവിനെ കാറിൽ കൈയും കഴുത്തും ബന്ധിച്ച് കഴുത്തറത്ത് കൊല്ലാൻ ശ്രമം. പെൺസുഹൃത്ത് ഏർപ്പെടുത്തിയ ക്വട്ടേഷൻസംഘമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് യുവാവിന്റെ പരാതി. കുഞ്ചിത്തണ്ണി ഉപ്പാർ മേപ്പുതുശേരി സുമേഷ് സോമനാണ്‌ (38) പരിക്കേറ്റ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ജോലികഴിഞ്ഞ് വീട്ടിലേക്ക്‌ വരുംവഴി വ്യാഴാഴ്ച രാത്രി 11-ഓടെ കല്ലാർകുട്ടിക്കുസമീപം പനംകൂട്ടിയിലായിരുന്നു ആക്രമണം. അഞ്ചുപേർ കാർ തടഞ്ഞുനിർത്തിയശേഷം കൈകൾ സ്റ്റിയറിങ്ങിനോടും കഴുത്ത് സീറ്റിനോടും ചേർത്ത് ബന്ധിച്ചെന്നും കൈയിലും കഴുത്തിലും മുറിവേൽപ്പിച്ചെന്നും മൊബൈൽ തട്ടിയെടുത്തെന്നുമാണ് സുമേഷ് പോലീസിന് നൽകിയ മൊഴി.

വെള്ളിയാഴ്ച രാവിലെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറിൽ ബന്ധിച്ചനിലയിൽ സുമേഷിനെ കണ്ടെത്തിയത്. ഇയാൾ അടിമാലി പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേക്ക് മാറ്റി.

എറണാകുളത്ത് ഡ്രൈവറായി ജോലിനോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്. ഇൻഫോപാർക്കിലെ ജീവനക്കാരിയുമായി ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇരുവരും കുഞ്ചിത്തണ്ണി സ്വദേശികളാണ്. മൂന്നുവർഷം ഇവർ ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നു. ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി. ഇതിനിടെ അനുമതിയില്ലാതെ സുമേഷ് യുവതിയുടെ ഏതാനും ചിത്രങ്ങളും സ്വകാര്യസംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതായി ആരോപണമുണ്ട്. യുവതി ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താൻ താമസിക്കുന്നത് രാജാക്കാട് പോലീസ്‌സ്റ്റേഷൻ പരിധിയിൽ ആണെന്നും അതിനാൽ കേസ് അങ്ങോട്ട് മാറ്റണമെന്നും ആവശ്യപ്പെട്ട് സുമേഷ് പോലീസിൽ അപേക്ഷ നൽകി.

അക്രമികൾ തന്റെ മൊബൈൽ ഫോൺ കവർന്നതായും സുമേഷിന്റെ പരാതിയിൽ പറയുന്നു. യുവതി തന്നെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായും ഈ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സുമേഷ് മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സുമേഷിന്റെ കഴുത്തിലും കൈകളിലും ദേഹത്തും മുറിവേറ്റ പാടുകളുണ്ട്. മുറിവുകൾ സാരമുള്ളതല്ല. മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു അക്രമിസംഘത്തിന്റെ ലക്ഷ്യം എന്ന് കരുതുന്നു. സുമേഷ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.