തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ‘പോറ്റിയെ കേറ്റിയെ’ എന്ന പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ രാഷ്ട്രീയ ലാഭത്തിനായി വികലമായി ഉപയോഗിച്ചുവെന്നും, അയ്യപ്പനെ രാഷ്ട്രീയ പ്രചാരണവുമായി ബന്ധിപ്പിച്ചത് ഭക്തരെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നുമാണ് പരാതിയിലെ ആരോപണം. പാട്ട് ഉടൻ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് ഡിജിപിക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതും വ്യാപക സ്വീകാര്യത നേടിയതുമാണ് വിവാദത്തിന് ഇടയാക്കിയത്. യുഡിഎഫ് പ്രചാരണത്തിനായി ഈ ഗാനം ആലപിച്ചത് മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഡാനിഷ് മുഹമ്മദ് ആണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനതലത്തിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5 ശതമാനം വോട്ടിന്റെ മുൻതൂക്കം ലഭിച്ചിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടുകളിൽ 40.7 ശതമാനമാണ് യുഡിഎഫിന് ലഭിച്ചത്. എൽഡിഎഫിന് 35.7 ശതമാനവും എൻഡിഎയ്ക്ക് 16 ശതമാനവും വോട്ട് വിഹിതം നേടാനായി.











Leave a Reply