ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനിതക മാറ്റം വന്ന കോവിഡിൻെറ ഇന്ത്യൻ വകഭേദത്തിൻെറ സാന്നിധ്യം യുകെയിൽ ആശങ്ക ഉളവാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. B.1.617.2, എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദത്തിൻെറ വ്യാപനം മറ്റ് വൈറസ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ ആണുള്ളത് അപകടകരമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വുഹാനിൽ ആദ്യമായി കണ്ടെത്തിയ കോവിഡിൻെറ പതിപ്പിനേക്കാൾ ഇത് പകരാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് . എല്ലായ്പ്പോഴും പരിവർത്തനം ചെയ്യപ്പെടും എന്നുള്ളത് വൈറസിൻെറ ഒരു പൊതുസ്വഭാവമാണ്. ജനിതകമാറ്റം വന്ന ചില വകഭേദങ്ങൾ അപകട സാധ്യത കുറയുന്നതാകുമ്പോൾ ചിലവ കൂടുതൽ വേഗത്തിൽ പടരുകയും അപകടകരമാവുകയും ചെയ്യും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ വകഭേദത്തിൻെറ പുതിയ പതിപ്പിനെ നിലവിലുള്ള വാക് സിനുകൾ പ്രതിരോധിക്കുമോ എന്ന് വ്യക്തമായ തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

ഇതിനിടെ ഇന്ത്യയിൽ വൈറസിൻെറ രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. ഇന്ത്യയിൽ 4.14 ലക്ഷം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകൾ രജിസ്റ്റർ ചെയ് തത് . ലോകത്തിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 50 ശതമാനവും ഇന്ത്യയിലാണെന്നതിൻെറ ഞെട്ടലിലാണ് ലോകമെങ്ങുമുള്ള പ്രവാസികൾ. ലണ്ടനിൽ നടക്കുന്ന ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു . അതേസമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ജി 7 ന്റെ ഭാഗമല്ലെങ്കിലും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശങ്ക ഉയർന്നത്തോടെ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുഖാമുഖം നടക്കുന്ന ആദ്യത്തെ പ്രധാന യോഗവും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.