വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അഫാന്‍ എല്ലാം ചെയ്തത് പ്രൊഫഷണല്‍ കില്ലറെ പോലെ. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നമാണെന്നാണ് വാദം. ഫര്‍സാനയുമായി ജീവിക്കാന്‍ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. അതിനിടെ അഫാന്റെ അച്ഛന് ഈ ദുരന്തം അറിഞ്ഞിട്ടും നാട്ടിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. സൗദിയില്‍ യാത്രാ വിലക്കുള്ളതു കൊണ്ടാണ് ഇത്.
അക്രമവാസനയുളള ആളായിരുന്നില്ലെന്ന് ഡി കെ മുരളി എംഎല്‍എ പ്രതികരിച്ചു. അഫാന് മദ്യപിക്കുന്ന സ്വഭാവമുണ്ടായിരുന്നു. ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിച്ചതായാണ് വിവരം. ഇടക്ക് പ്രതി, മാതാവ് ഷെമിയുമായി വഴക്ക് കൂടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായും എം എല്‍ എ വിശദീകരിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അഫാന്റെ പിതാവ് റഹീമിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും എം എല്‍ എ പറഞ്ഞു. ബിസിനസ് എല്ലാം പൊളിഞ്ഞു, കേസ് ഉളളതിനാല്‍ ട്രാവല്‍ ബാന്‍ ഉണ്ടെന്ന് റഹീം അറിയിച്ചു. റഹീമിന് നാട്ടിലേക്ക് എത്താന്‍ കഴിയില്ല. റഹീമിനെ തിരികെ കൊണ്ടുവരാന്‍ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചിട്ടുണ്ടെന്നും ഡി കെ മുരളി പറഞ്ഞു. അഫാന്റെ ഉമ്മ ഷെമി സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല. അവര്‍ മൊഴി നല്‍കാന്‍ പറ്റുന്ന സാഹചര്യത്തിലല്ലെന്നും ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ഡി കെ മുരളി പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോ എന്നത് പൊലീസ് പരിശോധിച്ച് വരുകയാണ്. സമയമെടുത്താണ് ഓരോ കൊലപാതകവും പ്രതി നടത്തിയത്. ഇതൊന്നും പ്രതിയുടെ മനസിന് മാറ്റമുണ്ടാക്കിയിട്ടില്ല. അഫാന്‍ ആരും അറിയാത ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കേണ്ടതാണെന്നും ഡി കെ മുരളി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ നിന്ന് തിരിച്ച് എത്തിയപ്പോഴാണ് അനിയന്‍ അഫ്‌സാനെ അഫാന്‍ കൊലപ്പെടുത്തിയത്. ഫര്‍സാനയുടെ വീട്ടുകാരുടെ അവസ്ഥ വലിയ കഷ്ടമാണ്. അഫാന്റേയും ഫര്‍സാനയുടേയും പ്രണയത്തെകുറിച്ച് നാട്ടുകാര്‍ക്ക് ഒന്നും അറിയില്ല. ഒരു പ്രൊഫഷണല്‍ കില്ലര്‍ ചെയ്യുന്നതുപോലെയാണ് അഫാന്‍ കൊല നടത്തിയത്. ഇങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് 23കാരന്‍ മാറുക എന്നത് പഠന വിഷയമാക്കേണ്ടതാണെന്നും ഡി കെ മുരളി എംഎല്‍എ പറഞ്ഞു. പ്രതി അഫാന്‍ കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയത് അതിക്രൂരമായിയാണ്. മരിച്ച 5 പേരുടെയും തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ കത്തിയും വലിയ ചുറ്റികയുംകൊണ്ടാണ് പ്രതി കൃത്യങ്ങളെല്ലാം നടത്തിയത്. താഴെ പാങ്ങോട് എലിച്ചുഴി പുത്തന്‍വീട്ടിലെത്തിയാണ് ഉപ്പയുടെ ഉമ്മ സല്‍മാബീവിയെ തലയ്ക്കടിച്ച് കൊന്നത്.
ഇവരുടെ കഴുത്തിലെ മാലയും കവര്‍ന്നു. തുടര്‍ന്ന് ഉപ്പയുടെ സഹോദരന്‍ ലത്തീഫിന്റെ എസ്എന്‍ പുരത്തെ വീട്ടിലെത്തി. ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. ഷാഹിദയുടെ നെറ്റിയിലാണ് ആഴത്തിലുള്ള മുറിവുകള്‍. ലത്തീഫ് ഹാളിലെ കസേരയില്‍ ഇരിക്കുന്നനിലയിലാണ്. ലത്തീഫിന്റെ നെറ്റിക്ക് കുറുകെ ആഴത്തില്‍ വെട്ടേറ്റ മുറിവുണ്ട്. പിന്നീട് സ്വന്തം വീട്ടിലെത്തി പെണ്‍സുഹൃത്തിനെ ചുറ്റികക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി. ഫര്‍സാനയുടെയും മുഖം വികൃതമായനിലയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നെറ്റിയുടെ ഇരുവശത്തും മധ്യത്തിലും ചുറ്റികകൊണ്ട് അടിച്ച പാടുണ്ട്. സ്‌കൂള്‍ വിട്ടുവന്ന സഹോദരന്‍ അഫ്‌സാനെ വെഞ്ഞാറമൂട്ടിലെ കടയിലെത്തിച്ച് കുഴിമന്തി വാങ്ങി നല്‍കി. തുടര്‍ന്ന് വീട്ടിലെത്തിച്ച് ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു. ശേഷം വീടിന്റെ വാതിലും ജനലുകളും പൂര്‍ണമായും അടച്ചശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരുന്നു. ഇതിനുശേഷമാണ് പൊലീസില്‍ കീഴടങ്ങിയത്.റൂറല്‍ എസ്പി സുദര്‍ശനും മറ്റ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
പൂട്ടിയ നിലയിലുള്ള അഫാന്റെ വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് പൊലീസ് അകത്ത് കടന്നത്. സ്റ്റേഷനിലേക്ക് പോകുമ്പോള്‍ അഫാന്‍ ഗ്യാസ് തുറന്നുവിട്ടിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് അത് നിര്‍വീര്യമാക്കിയത്. ഗുരുതര പരിക്കേറ്റ ഷെമിയെ ആശുപത്രിയിലുമെത്തിച്ചു. തുടര്‍ന്നാണ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി അഫ്സാന്റെയും ഫര്‍സാനയുടെ മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. പാങ്ങോട്ടെ വീട്ടില്‍ സല്‍മാബീവി ഒറ്റയ്ക്കായിരുന്നു താമസം. തിങ്കള്‍ വൈകിട്ട് അഞ്ചരയോടെ കൂട്ടുകിടക്കാന്‍ വന്ന ബന്ധു എത്തിയപ്പോ അടുക്കളയില്‍ മരിച്ച നിലയിലായിരുന്നു അവര്‍. കാല്‍തെറ്റി വീണ് മരിച്ചതെന്നായിരുന്നു സംശയം. മരണവിവരം പറയാന്‍ ലത്തീഫിനെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് അടുത്ത വീട്ടിലുള്ളവരോട് കാര്യം പറയാന്‍ ഏല്‍പ്പിച്ചു. അവര്‍ പോയി നോക്കിയപ്പോഴാണ് ലത്തീഫും ഭാര്യ സജിതാബീവിയും മരിച്ചനിലയില്‍ കണ്ടത്.
Leave a Reply