ഷെറിൻ പി യോഹന്നാൻ

1988 – 2005 കാലയളവിൽ മലയാള സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സേതുരാമയ്യർ. സിബിഐ എന്ന് കേട്ടാൽ മലയാളികൾക്ക് ആദ്യം ഓർമ വരിക ആ മുഖം ആയിരിക്കും. മലയാളത്തിലെ കുറ്റാന്വേഷണ – ത്രില്ലർ സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് സിബിഐ സീരിസിലെ നാലെണ്ണവും. പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സേതുരാമയ്യർ വീണ്ടുമെത്തുമ്പോൾ പ്രതീക്ഷകൾ ഉയരുന്നത് സ്വാഭാവികം. എന്നാൽ കാലത്തിനനുസരിച്ച് മാറാത്ത കഥയും കാഴ്ചകളുമാണ് എസ് എൻ സ്വാമിയും സംഘവും ഇത്തവണ നമുക്ക് സമ്മാനിക്കുന്നത്.

കാലം മാറിയതിനനുസരിച്ച് സിനിമയുടെ ആഖ്യാനത്തിലും മേക്കിങ്ങിലും മാറ്റം വന്നിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്. ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർ തിരഞ്ഞുപിടിച്ച് കാണാൻ തുടങ്ങി. ഒടിടിയിലും അല്ലാതെയും പല രീതിയിലുള്ള ത്രില്ലർ കഥകളുടെ ചാകരയാണ് ഇന്ന്. ഇതിനിടയിലേക്കാണ് സിബിഐയുടെ അഞ്ചാം ഭാഗമെന്ന നിലയിൽ സ്ഥിരം പറ്റേൺ പിന്തുടരുന്ന, പഴയ ശൈലിയിലുള്ള ചിത്രം വരുന്നത്. ഇന്നത്തെ പ്രേക്ഷകനെ മനസ്സിലാക്കാതെ പോയത് എസ് എൻ സ്വാമിയും കെ മധുവുമാണ്.

സിബിഐ സിനിമകളിലെ വില്ലന്മാരെ കണ്ടെത്താൻ എളുപ്പമാണ്. സിനിമയിൽ തന്നെ നേരത്തെ അവരെ കാണിച്ചിട്ടുണ്ടാകും. ഇത്തിരി ശ്രദ്ധയോടെ കണ്ടിരുന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഈ സിനിമയിലെ വില്ലനെ നമുക്ക് പിടികിട്ടും. കാരണം, പഴയ നാല് സിബിഐ സിനിമകളാണ് നമ്മുടെ മനസ്സിൽ കിടക്കുന്നത്… എസ് എൻ സ്വാമിക്ക് അവിഹിതക്കഥ ഒരു വീക്ക്‌നെസ് ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാ സിനിമകളിലും കൊലപാതകങ്ങൾക്കുള്ള മൂല കാരണം അതായിരിക്കും. ഇത്തവണയും ഒരാവശ്യവുമില്ലാത്ത അവിഹിതക്കഥ ചിത്രത്തിൽ കടന്നുവരുന്നുണ്ട്.

പിഷാരടിയുടെ രണ്ട് തോൽവി തമാശകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. 2012ൽ സിബിഐ അന്വേഷിച്ച ഒരു കേസാണ് ഇവിടെ പറയുന്നത് – ബാസ്കറ്റ് കില്ലിംഗ്സ്. നടന്ന കൊലപാതകങ്ങൾക്കെല്ലാം പരസ്പര ബന്ധമുണ്ടെന്ന് കരുതുന്നിടത്ത് അന്വേഷണം സിബിഐ ലേക്ക് എത്തുന്നു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന അനേക കാര്യങ്ങൾ ഇടയ്ക്കിടെ വന്നുപോകുന്നുണ്ട്. എന്നാൽ അതൊക്കെ സിനിമയുടെ നീളം കൂട്ടുന്നതല്ലാതെ എൻഗേജിങ്‌ ആയി ഒരുക്കാൻ സാധിച്ചിട്ടില്ല. എന്തിന്! ഈ കുറ്റാന്വേഷണ സിനിമ തന്നെ മൊത്തത്തിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നില്ല.

സേതുരാമയ്യരായി മമ്മൂട്ടി, സായ്കുമാറിന്റെ സത്യദാസ്, ജെക്സ് ബിജോയിയുടെ സംഗീതം, ജഗതിയുടെ സെഗ്മെന്റ് എന്നിവ നന്നായിരുന്നു. സിബിഐ ആയത്കൊണ്ട് മസിൽ പിടിച്ച് അഭിനയിക്കുന്ന ഒരുപിടി താരങ്ങളെ ഇവിടെ കാണാം. സൗബിന്റെ കാസ്റ്റിങ്ങും പാളിപ്പോയി. പഴയ മേക്കിങ് സ്റ്റൈൽ, ആകാംഷയുണർത്താത്ത കഥാഗതി, മോശം ക്ലൈമാക്സ്‌ എന്നിവ ചിത്രത്തെ സാരമായി ബാധിക്കുന്നുണ്ട്.

Last Word – ‘സിബിഐ 5 ദി ബ്രെയിൻ” എന്ന ചിത്രത്തിൽ ബ്രെയിൻ ഉപയോഗിച്ചുള്ള കുറ്റാന്വേഷണം എവിടെയാണെന്ന് നമ്മൾ ചിന്തിക്കും. ക്ലൈമാക്സിൽ ഒരു വാക്കിൽ നിന്നൊക്കെ കണ്ടെത്തുന്ന തെളിവ് കണ്ടാൽ പുച്ഛം തോന്നും. ലാഗടിപ്പിക്കുന്ന, എടുത്തുപറയാൻ പുതുമകളില്ലാത്ത എസ് എൻ സ്വാമി – മധു ചിത്രം. സിബിഐ ഫ്രാഞ്ചൈസിലെ ദുർബലമായ ചിത്രം.