ബെംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനുമായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് (56) ബെംഗളൂരുവിൽ മരിച്ചു. തൃശൂർ സ്വദേശിയായ ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ. റോയ്, സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് മരിച്ചതെന്നതാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് സംഭവം നടന്നത്.
കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അശോക് നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്. ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥാപനങ്ങളിൽ പരിശോധനകൾ നടന്നുവരികയായിരുന്നു എന്നും ഇതിനെ തുടർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തിന് പുറമെ സിനിമ നിർമാതാവായും സി.ജെ. റോയ് പ്രവർത്തിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണം തുടരുന്നതിനൊപ്പം പുറത്തുവരുമെന്നാണ് സൂചന.











Leave a Reply