ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാനഡ : ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചവർക്ക് സങ്കടകടൽ ബാക്കി. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് റിപ്പോർട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അമേരിക്കൻ കോസ്റ്റ് ​ഗാർഡും അറിയിച്ചു. യാത്രക്കാരെ നഷ്ടമായെന്ന് ദുഃഖത്തോടെ അറിയിക്കുന്നതായി ഓഷ്യൻ​ഗേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. മുങ്ങിക്കപ്പലിന്റെ കാർബൺ ഫൈബറിലോ ടൈറ്റാനിയം ഹള്ളിലോ ചെറിയ പൊട്ടൽ വന്നാൽ പോലും ഇംപ്ലോഷൻ (അകത്തേക്ക് പൊട്ടിത്തെറിക്കൽ) സംഭവിക്കാം.

ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ക്ടൺ റഷ് എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ ഞായറാഴ്ചയാണ് ടൈറ്റനിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായെന്ന സന്ദേശം കമാൻഡ് ഷിപ്പിൽ നിന്ന് യുഎസ് കോസ്റ്റ് ​ഗാർഡിന് ലഭിക്കുന്നത്. തുടർന്ന് യുഎസ് നേവിയുടെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകളും അത്യാധുനിക സംവിധാനങ്ങളുമുപയോ​ഗിച്ച് വ്യാപക തിരച്ചിലാണ് നടന്നത്. ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്ന വിമർശനങ്ങൾക്കിടെ കഴിഞ്ഞ വർഷം ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ അഭിമുഖവും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറിൽ ‘സിബിഎസ് സൺഡേ മോണിംഗ്’ എന്ന പരിപാടിയിൽ വച്ചാണ് റഷ് അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ സംശയം പ്രകടിപ്പിച്ചത്. അന്തർവാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പല കാരണങ്ങൾ കൊണ്ട് വാഹനം ജലോപരിതലത്തിൽ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ടെന്നായിരുന്നു റഷിന്റെ പ്രതികരണം.

ടൈറ്റാനിക്കിനും ടൈറ്റനും സംഭവിച്ച ദുരന്തത്തിലെ സാമ്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നായിരുന്നു ടൈറ്റാനിക് സിനിമയുടെ സംവിധായകൻ ജെയിംസ് കാമറൂൺ പറഞ്ഞത്.