ന്യൂസ് ഡെസ്ക് മലയാളം യുകെ

കാർഡിഫ് : യുകെ മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാകുന്നു. കാര്‍ഡിഫ് മലയാളിയുടെ പണിപൂര്‍ത്തിയാക്കാത്ത വീട്ടിലാണ് ഏറ്റവും ഒടുവിലായി മോഷണം നടന്നത്. പുതുതായി വാങ്ങിയ വീടിന്റെ പണി പുരോഗമിക്കവേയാണ് സംഭവം. പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികൾക്ക് ശേഷം ഗൃഹനാഥൻ മടങ്ങിയതിന് പിന്നാലെയാണ് മോഷണം നടന്നത്. അടുക്കളയിലേക്ക് വാങ്ങിവച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ പല വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അവർ എത്തി വിവരങ്ങൾ ശേഖരിച്ചു. പിന്നീട് നടത്തിയ തിരച്ചിലിൽ മോഷണമുതൽ കണ്ടെടുത്തതോടെ ആശ്വാസമായി.

വീടിനു കുറച്ചകലെയുള്ള മരക്കൂട്ടത്തിനിടയിൽ നിന്നാണ് മോഷണം പോയ വസ്തുക്കൾ കണ്ടെടുത്തത്. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയവയെല്ലാം തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം. മലയാളികളുടെ വീട്ടിൽ ധാരാളം സ്വർണവും പണവുമുണ്ടാകാമെന്ന ധാരണയിലാണ് മോഷ്ടാക്കൾ ഇവരെ ലക്ഷ്യമിടുന്നത്. ഇത്തരം മോഷണശ്രമങ്ങളെ പറ്റി മുൻപും മലയാളംയുകെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഫെബ്രുവരി അവസാനമാണ് ഗ്ലാസ്ഗോയിൽ മലയാളിയുടെ വീട്ടിൽ വൻ മോഷണം നടന്നത്. എഴുപത് പവൻ സ്വർണമാണ് അന്ന് നഷ്ടമായത്. കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തരായ ജനങ്ങൾ വീട് വീട്ടിറങ്ങാൻ തുടങ്ങിയതോടെ മോഷണങ്ങളും വർദ്ധിച്ചു. വീട്ടുപകരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നതോടൊപ്പം അധിക സുരക്ഷയ്ക്കായി അലാം സെറ്റു ചെയ്യാവുന്നതാണ്. അധിക ശ്രദ്ധയും ആവശ്യമാണ്.