ഇംഫാൽ: മണിപ്പൂരിൽ നാഗ–കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഉഖ്രുലിൽ രാത്രി ഉണ്ടായ അക്രമങ്ങൾക്ക് പിന്നാലെ ഇന്ന് കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. തുടർന്ന് കുക്കി സായുധസംഘങ്ങൾ വെടിയുതിർക്കുകയും ചെയ്തു. ഉപമുഖ്യമന്ത്രി ലോസി ദിഖോ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടത്. സാഹചര്യം നിയന്ത്രിക്കാൻ മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു.
നാഗ–കുക്കി യുവാക്കൾ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് വീണ്ടും സംഘർഷത്തിന് തിരികൊളുത്തിയത്. ഉഖ്രുലിലെ ലിറ്റാൻ ഗ്രാമത്തിൽ നാഗ യുവാവിനെ കുക്കികൾ മർദിച്ചതിനെ തുടർന്നാണ് രാത്രിയോടെ കലാപാവസ്ഥ രൂപപ്പെട്ടത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വീടുകൾക്കും വാഹനങ്ങൾക്കും തീയിട്ടതോടൊപ്പം വെടിവെപ്പും കല്ലേറും നടന്നു. ആകെ 25 വീടുകൾക്ക് തീയിട്ടതായാണ് റിപ്പോർട്ട്; ഇതിൽ ഭൂരിഭാഗവും നാഗ വിഭാഗക്കാരുടേതാണ്.
സംഘർഷം നിയന്ത്രിക്കാൻ സർക്കാർ തല ഇടപെടൽ ശക്തമാക്കി. പരിക്കേറ്റവരെ മുഖ്യമന്ത്രി യുമാൻ ഖേംചന്ദ് സിങ് സന്ദർശിച്ചു. ലിറ്റാനിൽ ഉപമുഖ്യമന്ത്രി ലോസി ദിഖോ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുന്നതിനിടെയാണ് ഉച്ചയോടെ കുക്കി മേഖലയിൽ ആക്രമണം ഉണ്ടായത്. നാഗകൾ കുക്കികളുടെ വീടുകൾക്ക് തീയിട്ടതോടെ നിരവധി പേർ ഗ്രാമം വിട്ട് പലായനം ചെയ്തു. കുക്കി ഗ്രാമത്തിലേക്ക് കടന്ന നാഗകൾക്ക് നേരെ കുക്കി സായുധസംഘങ്ങൾ വെടിവെച്ചതായും റിപ്പോർട്ടുണ്ട്. മേഖലയിൽ കൂടുതൽ സുരക്ഷാസേന വിന്യസിച്ച സർക്കാർ, കൂടുതൽ അക്രമങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.











Leave a Reply