എഐസിസി മുൻ വക്താവും കോൺഗ്രസ് നേതാവുമായ ടോം വടക്കൻ ബിജെപിയില്‍ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും അംഗത്വം സ്വീകരിച്ചാണ് ടോം വടക്കൻ ബിജെപിയുടെ ഭാഗമായത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിവരം അദ്ദേഹം വ്യക്തമാക്കിയത്. മന്ത്രി രവിശങ്കർ പ്രസാദിനൊപ്പമായിരുന്നു വാർത്താ സമ്മേളനം.
നേതാക്കളെയും പ്രവർത്തരെയും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ടോം വടക്കൻ പുൽവാമ ആക്രമണ വിഷത്തിൽ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെയും കുറ്റപ്പെടുത്തി. പുൽവാമ വിഷയത്തിലെ പാർട്ടി നിലപാട് കോണ്‍ഗ്രസ് വിടാൻ കാരണമാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോദിക്കും അമിത്ഷാക്കും നന്ദി അറയിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കന്‍ എഐസിസി സെക്രട്ടറി, കോൺഗ്രസ് വക്താവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി പട്ടികയില്‍ പലവട്ടം ടോം വടക്കന്റെ പേർ പലവട്ടം ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് തള്ളിപ്പോവുകയും ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുകയായിരുന്നു.
ടോംവടക്കന്റെ പാർട്ടിയിലേക്കുള്ള വരവിനെ കേരളാ ഘടകം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ താഴോട്ടിറക്കം തുടങ്ങിയെന്നും പി എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ തുടക്കമായി മാത്രം കണ്ടാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
	
		

      
      



              
              
              




            
Leave a Reply