ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : എ. കെ ആന്റണി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. “എന്‍റെ യാത്ര അവസാനിപ്പിക്കാന്‍ സമയമെത്തിയിരിക്കുന്നു. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല” – വിരമിക്കൽ പ്രഖ്യാപിച്ച് ആന്റണി പറഞ്ഞു. ആന്റണിയുടെ രാജ്യസഭയിലെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണ്. രാജ്യസഭാംഗമായി തുടരാനും അദ്ദേഹത്തിന് താത്പര്യമില്ല. ഏപ്രിലില്‍ രാജ്യസഭാ കാലാവധി തീരുന്നതോടെ ആന്‍റണി കേരളത്തിലേക്ക് താമസം മാറും.
52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് ആന്‍റണി അവസാനിപ്പിക്കുന്നത്. മൂന്നു തവണ കേന്ദ്ര മന്ത്രിയായ അദ്ദേഹം 1977ൽ കേരള മുഖ്യമന്ത്രി ആയിരുന്നു. നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നന്ദി അറിയിച്ചു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്. കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്‍റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കി.
1970ലാണ് ആന്റണി ആദ്യമായി എംഎല്‍എ ആയി നിയമസഭയില്‍ എത്തിയത്. 37ാം വയസ്സില്‍, 1977ല്‍ കേരള മുഖ്യമന്ത്രിയായി. 10 വർഷം കെപിസിസി അധ്യക്ഷനായിരുന്നു. അഞ്ച് തവണ എംഎല്‍എ ആയി. 1985-ലാണ് ആന്റണി ആദ്യമായി രാജ്യസഭാംഗമാകുന്നത്. 1991-ൽ രണ്ടാം വട്ടവും രാജ്യസഭ അംഗമായ ആൻ്റണി, നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. 2016 ൽ അഞ്ചാം തവണയാണ് ആന്റണി രാജ്യസഭയിലെത്തിയത്.
Leave a Reply