അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ആദ്യപടിയായി വൈറസ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സെൽഫ് ഐസോലേഷൻ 14 ദിവസം നിർബന്ധമായിരുന്നു. ഇംഗ്ലണ്ട്, സ് കോ ട്ട് ലാൻഡ്, വടക്കേ അയർലൻഡ് എന്നിവിടങ്ങളിലെല്ലാം ഈ കാലയളവായിരുന്നു സമ്പർക്ക പട്ടികയിൽ വരുന്ന ആൾക്കാർക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാൽ പുതിയ ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇന്നലെ തൊട്ട് വെയിൽസിൽ ഒറ്റപ്പെടലിൻെറ സമയപരിധി 10 ദിവസമാക്കി കുറച്ചു. യുകെയുടെ മറ്റുഭാഗങ്ങളിലും ഒറ്റപ്പെടൽ കാലാവധി 10 ദിവസം ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

പുതിയ നയം അടുത്ത ഡിസംബർ 14 തിങ്കളാഴ്ച പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഒറ്റപ്പെടലിൻെറ കാലാവധി 10 ദിവസമായി കുറയ്ക്കുന്നത് കൊണ്ട് അടുത്ത പതിനഞ്ചാം തീയതി എൻഎച്ച്എസ് ടെസ്റ്റ് ആൻഡ് ട്രെയ്‌സ് മുഖേന സമ്പർക്ക പട്ടികയിൽ വരുന്നവർക്ക്‌ പോലും 10 ദിവസം കഴിഞ്ഞ് ക്രിസ്മസിന് തങ്ങളുടെ പ്രിയപ്പെട്ടവരുമായി പുനഃസമാഗമം സാധ്യമാണ്.

കോവിഡ് -19 ബാധിതരുടെ സമ്പർക്ക പട്ടികയിൽ വരുന്നവരോടാണ് വൈറസ് വ്യാപനം തടയുന്നതിനായിട്ട് ഒറ്റപ്പെടലിന് വിധേയമാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇതുവരെ വൈറസ് വ്യാപനം കണ്ടെത്തുന്നതിനുള്ള സമയപരിധി രണ്ടാഴ്ച ആയിട്ടാണ് പൊതുവെ അംഗീകരിച്ചിരുന്നത്. എന്നാൽ10 ദിവസത്തിനുശേഷവും കോവിഡ് -19 ബാധിക്കാനുള്ള സാധ്യത നൂറിൽ ഒന്നോ രണ്ടോ പേർക്ക് ആണെന്നിരിക്കെ ഒറ്റപ്പെടൽ സമയപരിധി 14 ദിവസത്തിൽ നിന്ന് 10 ദിവസം ആക്കുന്നത് കൊണ്ട് തെറ്റില്ല എന്ന അഭിപ്രായമാണ് പൊതുവെ ഉള്ളത്. വൈറസ് വ്യാപനം ഉയർന്നതോതിലുള്ള രാജ്യങ്ങളിൽനിന്ന് മടങ്ങിയെത്തിയശേഷം ഐസൊലേഷനിൽ കഴിയുന്നവർക്കും പുതിയനിയമം സഹായകരമാകും.