ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിംഗ് ടൺ : അമേരിക്കൻ ഭരണസിരാകേന്ദ്രമായ കാപിറ്റോൾ കെട്ടിടത്തിൽ ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ അക്രമത്തിൽ ഞെട്ടിത്തരിച്ചു ലോകം. ലോകം മുഴുക്കെ ജനാധിപത്യത്തിന്​ നിലകൊള്ളുന്ന അമേരിക്കയിൽ സമാധാനപരവും കൃത്യവുമായ അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്ന്​ സംഭവത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു. അമേരിക്കയിലെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് സ്കോട് ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ പറഞ്ഞു. ആയിരക്കണക്കിന് ട്രംപ് അനുകൂലികളാണ് അക്രമാസക്തരായി വാഷിങ്ടൺ ഡി.സിയിലെ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ചുകയറിയത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തെറിഞ്ഞും കെട്ടിടത്തിനുള്ളിൽ കടന്ന് ഔദ്യോഗിക കസേരകളിൽ ഇരുന്നും അക്രമികൾ അഴിഞ്ഞാടിയ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം ഡൊണാൾഡ് ട്രംപിന്റെ മന്ത്രിസഭയിലെ അംഗങ്ങൾ ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച് അദ്ദേഹം അധികാരത്തിന് യോഗ്യനല്ലെന്ന് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവരികയാണ്. ജനാധിപത്യം സംരക്ഷിക്കുന്നതിനായി 25-ാം ഭേദഗതി നടപ്പാക്കാൻ മന്ത്രിസഭയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് പല നേതാക്കളും മുന്നറിയിപ്പ് നൽകി. ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങളാണ് ഈ സംഭവത്തിന് പ്രധാന കാരണമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകൾ അക്രമത്തിന് ആക്കം കൂട്ടിയിട്ടുണ്ടെന്നും അത് തടയാൻ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും പ്രീതി പട്ടേൽ കൂട്ടിച്ചേർത്തു.

ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിലെ അംഗങ്ങൾ രാജി വെച്ച് തുടങ്ങിയതോടെ രാഷ്ട്രീയ പതനത്തിനാണ് അമേരിക്കയിൽ കളമൊരുങ്ങുന്നത്. അക്രമത്തിനുശേഷം കോൺഗ്രസ് വീണ്ടും ഒത്തുചേരുകയും ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിച്ചു. അരിസോണയിലെയും പെൻ‌സിൽ‌വാനിയയിലെയും ഫലം അസാധുവാക്കാനുള്ള ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുടെ എതിർപ്പ് നിരസിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ്‌ ഔദ്യോഗിക തീരുമാനം കൈകൊള്ളുകയായിരുന്നു. ആക്രമികൾക്ക് നേരെ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചിരുന്നു. പാർലമെന്‍റിന് സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പിന്നീട് മരണസംഖ്യ നാലായതായി അധികൃതർ സ്ഥിരീകരിച്ചു.