ഒക്ടോബർ 28 -ന് സ്കോട്ട് ലാൻ്റിൽ നടക്കുന്ന മലയാളം യുകെ അവാർഡ് നൈറ്റിൻ്റെയും യുസ്മ നാഷണൽ കലാമേളയുടെയും ലോഗോ പ്രകാശനം മലയാളം യുകെ ന്യൂസ് ചീഫ് എഡിറ്റർ ബിൻസു ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവ്വഹിച്ചു .
ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പാകെ നടന്ന പ്രകാശന കർമ്മത്തിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, കാണക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു പഴയപുരയ്ക്കൽ , തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൻ്റെ കമ്പ്യൂട്ടർ സയൻസ് വകുപ്പു മേധാവിയും 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവുമായ പ്രൊഫ. റ്റിജി തോമസ് എന്നിവർ പങ്കെടുത്തു .

ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിന് അഡ്വ. മോൻസ് ജോസഫ് എംഎൽഎ മെമെന്റോ സമ്മാനിച്ചപ്പോൾ 10000 രൂപയുടെ ക്യാഷ് പ്രൈസ് നൽകിയത് അതിരമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് സജി തടത്തിലാണ്. മലയാളം യുകെ ന്യൂസ് യുകെയിലെയും യൂറോപ്പിലെയും മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുത്തതിന്റെ തെളിവാണ് കേരളത്തിൽ നിന്നുള്ള നിഖിൽ രാജിന് ലോഗോ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതെന്ന് അഡ്വ. മോൻസ് ജോസഫ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിഖിൽ രാജിനെയും രണ്ടാം സ്ഥാനത്തിന് അർഹനായ യുകെയിലെ ഹിയർഫോർഡിൽ നിന്നുള്ള ബിനോ മാത്യുവിനേയും അദ്ദേഹം അഭിനന്ദിച്ചു .

അകാലത്തിൽ നിര്യാതനായ മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ശ്രീ ബിജോ അടുവിച്ചിറയുടെ കുടുംബത്തിന് മലയാളം യുകെ ന്യൂസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ സഹായധനം കാണാക്കാരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ബിജു പഴയപുരയ്ക്കൽ കൈമാറി. ബിജോ അടുവിച്ചിറയുടെ സഹധർമ്മിണി അനു ബിജോയും മകൾ ബിയ ബിജോയും ചടങ്ങിൽ എത്തിയിരുന്നു. ബിജോയുടെ മകൾക്ക് തുടർപഠനത്തിനും മറ്റുമായുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ വേദിയിൽ നിന്ന് വിടവാങ്ങിയത്.

എട്ട് ഡയറക്ടർ ബോർഡ് മെമ്പേഴ്സിന്റെ കൂട്ടായ പ്രവർത്തനമാണ് മലയാളം യുകെ ന്യൂസിനെ ഇത്രയും ജനപ്രിയ മാധ്യമമാക്കി മാറ്റിയത് എന്ന് തൻറെ അധ്യക്ഷ പ്രസംഗത്തിൽ ചീഫ് എഡിറ്റർ ബിൻസു ജോൺപറഞ്ഞു. വാർത്തകൾക്കൊപ്പം യുകെയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള മുൻനിര എഴുത്തുകാരുടെ രചനകൾ മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്നതിനുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചു.

മലയാളം യുകെ അവാർഡ് നൈറ്റിൽ യുകെയിലെ ഏറ്റവും മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെടുന്ന നേഴ്സിനും കെയറർക്കും 500 പൗണ്ട് വീതം ക്യാഷ് പ്രൈസും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നതിനെ യുകെ മലയാളി സമൂഹം ആവേശത്തോടെയാണ്ഏറ്റെടുത്തിരിക്കുന്നത്. കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനൊപ്പം എൻഎച്ച്എസ്സിന്റെ നേതൃത്വ പദവികൾ അലങ്കരിച്ച ജെനി കാഗുയോവ , കെറി വാൾട്ടേഴ്സ് എന്നിവരടങ്ങിയ ജൂറി ആണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

സ്കോട്ട് ലാൻ്റിലെ അസ്സോസിയേഷനുകളുടെ അസ്സോസിയേഷനായ യുണൈറ്റഡ് സ്കോട്ട് ലാൻ്റ് മലയാളി അസോസിയേഷൻ്റെ (USMA) നാഷണൽ കലാമേളയും മലയാളം യുകെ അവാർഡ് നൈറ്റിനോടൊപ്പമാണ് നടത്തപ്പെടുന്നത്. സ്കോട്ട് ലാൻ്റ് കണ്ടതിൽ വെച്ചേറ്റവും വലിയ കലാ മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
പ്രവാസി മലയാളികൾ ആകാംക്ഷയോടെ കാണുന്ന മലയാളം യുകെ ന്യൂസിൻ്റെ അവാർഡ് നൈറ്റിൻ്റെ തൽസമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.