ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി റായ്ബറേലിയിലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിലും വീണ്ടും ജനവിധി തേടും. അതേസമയം, അടുത്തിടെ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ കിഴക്കൻ യു പി യുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പേര് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. യുപിയിലെ പതിനൊന്നും ഗുജറാത്തിലെ നാലും സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ് യുപിയിലെ ഫറൂഖാബാദിലും ആർ.പി.എൻ സിങ് കുശിനഗറിലും ജിതിൻ പ്രസാദ ദൗരാഹ്രയിലും വീണ്ടും ജനവിധി തേടും. ഗുജറാത്തിലെ ആനന്ദിൽ ഭരത് സിങ് സോളങ്കിയും വഡോധരയിൽ പ്രശാന്ത് പട്ടേലുമാണ് മൽസരിക്കുക.

അതേസമയം, ഉത്തർപ്രദേശിലെ സമാജ് വാദി ബിഎസ്പി സഖ്യത്തിലേയ്ക്ക് കോൺഗ്രസിനും ഇടം ലഭിച്ചേക്കും. കോൺഗ്രസിന് 15 സീറ്റുകൾ നൽകാൻ എസ് പിയും ബിഎസ്പിയും സന്നദ്ധതയറിയിച്ചു. എന്നാൽ കോൺഗ്രസിനെ ഉൾപ്പെടുത്തി മുന്നണി വിപുലീകരിച്ചാലും ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപി യുപി അധ്യക്ഷൻ മഹേന്ദ്രനാഥ് പാണ്ഡെ മനോരമ ന്യൂസിനോട് പറഞ്ഞു.

യു പിയിലെ 80 ലോക്സഭാ സീറ്റിൽ 38 ൽ ബിഎസ്പിയും 37 ൽ സമാജ് വാദി പാർട്ടിയും ആർ.എൽ.ഡി മൂന്ന് സീറ്റുകളിലും മൽസരിക്കാനാണ് ധാരണ. കോൺഗ്രസിനെ പടിക്കു പുറത്തു നിർത്തിയെങ്കിലും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തേണ്ടെന്ന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഖ്യത്തിന്റെ ഭാഗമായാൽ കോൺഗ്രസിന് 15 സീറ്റ് നൽകാൻ എസ്പിയും ബിഎസ്പിയും ഇപ്പോൾ സന്നദ്ധമാണെന്ന സൂചനകൾ പുറത്തു വരുന്നുണ്ട്. എസ് പി 7 സീറ്റുകളും ബിഎസ്പി 6 സീറ്റുകളും വിട്ടുനൽകും. കൂടാതെ അമേഠിയും റായ്ബറേലിയും. സഖ്യം വേണമെന്നാണ് അഖിലേഷിനും രാഹുൽ ഗാന്ധിക്കും. എന്നാൽ കാര്യമായ വിട്ടുവീഴ്ച്ച വേണ്ടെന്ന് മായാവതി കടുപ്പിക്കുന്നു. കോൺഗ്രസ് കൂടി എസ് പി – ബി എസ് പി സഖ്യത്തിന്റെ ഭാഗമായാലും കാറ്റ് മാറി വീശില്ലെന്ന് ബിജെപി.

പുതിയ ഫോർമുല അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറാവുകയാണെങ്കിൽ സഖ്യ പ്രഖ്യാപനം ഉടനുണ്ടാകും. 10 സീറ്റു നൽകാമെന്ന വാഗ്ദാനം പ്രിയങ്ക ഗാന്ധി തള്ളിയിരുന്നു.