മഹാരാഷ്ട്രയിൽ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും അസാധാരണമായ രാഷ്ട്രീയ നീക്കം. മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി എന്‍സിപിയുടെ അജിത് പവാറും ചുമതലയേറ്റു. പുലര്‍ച്ചെ 5.47-നാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പിന്‍വലിച്ചത്.

ബിജെപി സര്‍ക്കാരിന് എന്‍സിപി പിന്തുണ നൽകിയതാണ് കാര്യങ്ങൾ കീഴ്മേൽ മറിയാൻ കാരണം. ഒറ്റ രാത്രികൊണ്ടാണ് എൻസിപി കാലുമാറിയത്. ഇന്നലെ വരെ എൻസിപി പിന്തുണ ശിവസേന-കോൺഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിനായിരുന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും മരുമകനായ അജിത് പവാറിനുമെതിരെ സെപ്റ്റംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ ആരോപണമാണ് ഉയര്‍ന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. ഇതിനിടെയിലാണ് വൻ രാഷ്ട്രീയ നീക്കം. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് ധാരണയായെങ്കിലും സുപ്രധാന സ്ഥാനങ്ങളില്‍ സമവായമുണ്ടായിരുന്നില്ല. കുതിരക്കച്ചവടവെന്നാണ് കോൺഗ്രസ് ഈ രാഷ്ട്രീയ നാടകത്തെ വിശേഷിപ്പിച്ചത്. ശരദ് പവാറും അറിഞ്ഞെടുത്ത തീരുമാനമാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ശരദ് പവാര്‍ മോദിയെ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. ‘കിച്ചടി’സര്‍ക്കാരിനുവേണ്ടിയല്ല ജനം വിധിയെഴുതിയത്. ജനവിധി അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി. സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഇതിനോടകം ട്വീറ്റ് ചെയ്തു. ഫഡ്നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.