കേരളാ കോണ്‍ഗ്രസിന് രാജ്യസഭ സീറ്റ് നന്‍കിയതില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. കോണ്‍ഗ്രസിന്റെ ഈ നടപടിക്കെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധം കോണ്‍ഗ്രസിനെ നാണംകെടുത്തുന്നതാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചായിരുന്നു ഡിസിസി ഓഫീസിനു മുന്നിലെ പ്രതിഷേധം.
വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധ പ്രകടനം ഉയര്‍ന്നത്. കെ.എം മാണി രാജ്യസഭ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ഉടന്‍ തന്നെ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ വെച്ച് ശവപ്പെട്ടികള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമെ ഡിസിസി ഓഫീസ് മുഴുവന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്‍ഡുകളും പ്രതിഷേധക്കാര്‍ സ്ഥാപിച്ചു.
ഉമ്മന്‍ ചാണ്ടിയും , ചെന്നിത്തലയും കോണ്‍ഗ്രസിലെ യൂദാസുമാര്‍. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസില്‍ നിങ്ങള്‍ മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടി, തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ തുടങ്ങിയ പോസ്റ്ററുകളുമുണ്ട്. എന്നാല്‍ പേസ്റ്ററുകള്‍ ആര് സ്ഥാപിച്ചു എന്ന് വ്യക്തമല്ല.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില്‍ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു.
അതേസമയം, കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ രാജ്യസഭാ സീറ്റില്‍ ജോസ് കെ. മാണി എംപി മല്‍സരിക്കും. പാലായില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ലഭിച്ച രാജ്യസഭാ സീറ്റില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം ആവശ്യപ്പെട്ടത്. മാണിയുടെ അസൗകര്യത്തെ തുടര്‍ന്നാണ് ജോസ് കെ മാണിയെ പരിഗണിച്ചത്.
Leave a Reply