കോഴിക്കോട്: ഭാര്യയ്ക്ക് എതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ടി.സിദ്ദിഖ് എം.എല്‍.എ. സ്ഥാപനത്തില്‍നിന്ന് 2022-ല്‍ രാജിവെച്ച ആള്‍ക്കെതിരെ 2024-ല്‍ കേസെടുത്തത് ഗൂഢാലോചനയാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നുകണ്ടാണ് അവിടെനിന്ന് ഭാര്യ രാജിവെച്ചത്. ഇക്കാര്യം രാജിക്കത്തില്‍ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്ന് ഭാര്യ രാജിവെച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പുനടന്ന കാലയളവില്‍ ഭാര്യ അവിടെ പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിനെയും പരാതിക്കാരിയെയും സിദ്ദിഖ് വെല്ലുവിളിച്ചു. കേസിനാസ്പദമായ സംഭവം നടന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നത് 2023 മാര്‍ച്ച് 16-ഉം ഏപ്രില്‍ 19-ഉം ആണ്. എന്നാല്‍ 2022 ഡിസംബര്‍ എട്ടിന് ഭാര്യ ഔദ്യോഗികമായി രാജിവെച്ചിരുന്നു. ഇതിനുശേഷം അവിടേയ്ക്ക് തിരികെ പോയിട്ടുമില്ല. സ്ഥാപനത്തില്‍ സിസിടിവിയുണ്ടെന്നും എന്തും പോലീസ് പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളക്കേസെടുത്തും വ്യാജമായ പേരുകള്‍ എഴുതി ചേര്‍ത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പോലീസ് മാറി. അങ്ങനെയൊന്നും കീഴടക്കാനും കരിവാരി തേക്കാനും ശ്രമിച്ചാല്‍ അത് വിലപോകില്ലെന്ന് കേരളത്തിന്റെ ഭരണകൂടത്തോടും പോലിസിനോടും സിപിഎമ്മിനോടും പറയാന്‍ ആഗ്രഹിക്കുന്നായും അദ്ദേഹം പറഞ്ഞു.
നിധി ലിമിറ്റഡിനു കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഷറഫുന്നീസ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഷറഫുന്നീസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി.
സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്, വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കാതിരിക്കുകയും ചെയ്തെന്നാണ് പരാതി. രണ്ടുഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് പതിമൂന്നര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെമാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.
Leave a Reply