ഭോപ്പാല്‍: രാജ്യത്തെ പോലീസ് സംവിധാനത്തിന് നാണക്കേടു സമ്മാനിച്ച് മധ്യപ്രദേശില്‍നിന്നൊരു വാര്‍ത്ത. പോലീസ് മേധാവിയുടെ വീട്ടിലെ എച്ചില്‍ പത്രം കഴുകാന്‍ നിര്‍ബന്ധിതനായതില്‍ പ്രതിഷേധിച്ച് യുവാവ് പോലീസ് കോണ്‍സ്‌റ്റബിള്‍ ജോലി രാജിവച്ചു. യുവാവിന്റെ രാജിക്ക് ശേഷം റിട്ടയേര്‍ട് പോലീസ് ഉദ്യോഗസ്‌ഥരില്‍ ചിലരും സമാന ആരോപണവുമായി രംഗത്തെത്തി.
കോണ്‍സ്‌റ്റബിളായിരുന്ന ഷൈലേന്ദ്ര മിശ്രയാണ് ജോലി ഉപേക്ഷിച്ചത്. എസ്.പി സുഷാന്ദ് കുമാര്‍ സാക്‌സേനയുടെ ബംഗ്ലാവില്‍ എസ്.പിയും കുടുംബവും ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകാന്‍ നിര്‍ബന്ധിതനായെന്നാണ് മിശ്ര കുറ്റപ്പെടുത്തുന്നത്. ‘എസ്.പിയുടെ കുടുംബം ആഹാരം കഴിച്ച പാത്രങ്ങള്‍ കഴുകുന്നതിന് താന്‍ നിര്‍ബന്ധിതനായി. എതിര്‍ത്തപ്പോള്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവന്നു. ദുരവസ്‌ഥ തുടര്‍ന്നപ്പോള്‍ മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും തനിക്ക് ലഭിച്ച 17,000 രൂപ മുതിര്‍ന്ന ഉദ്യോഗസ്‌ഥന് തിരിച്ചുനല്‍കിയശേഷം രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നുവെന്നും’ മിശ്ര പറയുന്നു.
മിശ്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ റിട്ടയേര്‍ട് സബ് ഇന്‍സ്‌പെക്‌ടറും കുടുംബവും സമാന വെളിപ്പെടുത്തലുമായി രംഗത്തെത്തി. എസ്.പിയുടെ ഓഫീസില്‍ പാത്രം കഴുകുകയും അതിഥികള്‍ക്ക് ചായയും പലഹാരങ്ങളും വിളമ്പുന്നതുമടക്കമുള്ള ജോലികള്‍ ചെയ്യേണ്ടിവന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ വാദങ്ങളെ എസ്.പി തള്ളിക്കളഞ്ഞു. മിശ്ര ജോലി രാജിവച്ചത് സ്വന്തം താല്‍പര്യപ്രകാരമാണെന്നും തനിക്ക് പങ്കില്ലെന്നും എസ്.പി പറഞ്ഞു.
പോലീസ് ക്യാമ്പുകളിലും മറ്റും ഡിവൈഎസ്പി റാങ്ക് മുതല്‍ മുകളിലെക്കുള്ളവര്‍ക്ക് പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍, ഓര്‍ഡര്‍ലി ഓഫീസര്‍ തുടങ്ങിയ ഓമനപ്പേരില്‍ നിയമിതരാവുന്നവര്‍ ഇത്തരം ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നത് പരസ്യമായ രഹസ്യമാണ്. ചിലര്‍ ഇത്തരം ജോലികളില്‍ നിയോഗിക്കപ്പെടുമ്പോള്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമെങ്കില്‍ മറ്റ് ചിലര്‍ സന്തോഷപൂര്‍വ്വം ഇത്തരം ജോലികള്‍ ചോദിച്ച് വാങ്ങുന്നതും സേനയില്‍ പതിവാണ്.