ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമുണ്ടാക്കിയ കേസിൽ കോൺസ്റ്റൻസ് മാർട്ടൻ (38), മാർക്ക് ഗോർഡൻ (51) ദമ്പതികളെ 14 വർഷത്തെ തടവിന് ശിക്ഷിച്ചു. 2023 ജനുവരിയിൽ പുതുതായി ജനിച്ച മകൾ വിക്ടോറിയയുമായി അവർ സാമൂഹ്യ സേവന വകുപ്പിനെ അറിയിക്കാതെ 53 ദിവസം ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ മാറി താമസിക്കുകയായിരുന്നു . ഈ കാലയളവിൽ കുഞ്ഞിനെ തണുത്ത കാലാവസ്ഥയിൽ പാർപ്പിച്ചതിനെ തുടർന്ന് ഹൈപ്പോതെർമിയ ബാധിച്ച് മരണമടഞ്ഞുവെന്നാണ് കോടതിയുടെ കണ്ടെത്തൽ.
കുഞ്ഞിന്റെ സംരക്ഷണത്തിനോ ക്ഷേമത്തിനോ മാതാപിതാക്കൾ പരിഗണന നൽകിയില്ലെന്നും സംഭവത്തിൽ യാതൊരു പാശ്ചാത്താപവും കാണിച്ചിട്ടില്ലെന്നും ജഡ്ജി മാർക്ക് ലൂക്രാഫ്റ്റ് കെ.സി. വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ബ്രൈറ്റണിൽ ഒരു ഷോപ്പിങ് ബാഗിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. വിചാരണക്കാലത്ത് ഇരുവരും പലപ്പോഴും വിചാരണ നീളാൻ കാരണമാവുന്ന രീതിയിൽ രോഗം, അസ്വസ്ഥത, ക്ഷീണം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടുകയും കോടതിയെ അലട്ടുന്ന പെരുമാറ്റം കാണിക്കുകയും ചെയ്തതായി ജഡ്ജി ചൂണ്ടിക്കാട്ടി.
മാർട്ടനും ഗോർഡനും മുൻ വിചാരണയിൽ കുഞ്ഞിന്റെ ജനനം മറച്ചുവെച്ചത്, മരണം റിപ്പോർട്ട് ചെയ്യാതിരുന്നത്, കുട്ടിയോട് ക്രൂരത കാണിച്ചത് എന്നിവയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന തുടർ വിചാരണയിൽ കൊലപാതക കുറ്റവും തെളിഞ്ഞു. ഗോർഡന്റെ മുൻപ് ഉണ്ടായിരുന്ന യുഎസിലെ ബലാത്സംഗ ശിക്ഷയും (14-ആം വയസിൽ) രണ്ടാമത്തെ വിചാരണയിലാണ് വെളിപ്പെട്ടത്. ഇരുവരും ഇപ്പോൾ തടവിൽ കഴിയുകയാണ് . മാർട്ടന്റെ അഭിഭാഷകർ ശിക്ഷയ്‌ക്കെതിരെ അപ്പീൽ സമർപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് .
Leave a Reply